കെയ്‌റോ: ലോകകപ്പിനൊരുങ്ങുന്ന ഈജിപ്ത് ഫുട്‌ബോള്‍ ടീമിന് പ്രതീക്ഷയേകി സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ആരോഗ്യ വാര്‍ത്ത. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ആദ്യപകുതിയില്‍ തോളെല്ലില്‍ പരിക്കുമായി പുറത്തായ താരത്തിന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഈജിപ്ത് എഫ്.എ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ശുഭകരമായ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്നതെന്നും ഉറുഗ്വേക്കെതിരായ ആദ്യ മത്സരത്തിനു മുമ്പുതന്നെ ലിവര്‍പൂള്‍ താരം പൂര്‍ണ സജ്ജനാകുമെന്നും കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞു.
‘സലാഹിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിലും പെരുമാറ്റത്തിലും പുരോഗതിയാണ് നമുക്ക് ആവശ്യം. കാരണം, പരിക്കു കാരണം അദ്ദേഹത്തിന് സാധാരണ കളിക്കാരെപ്പോലെ പരിശീലനം നടത്താന്‍ കഴിഞ്ഞിട്ടില്ല.’ – കൂപ്പര്‍ പറഞ്ഞു.
‘പക്ഷേ, നമുക്ക് ടീം ഡോക്ടറില്‍ നിന്ന് നമുക്ക് ലഭിക്കുന്ന പുതിയ വാര്‍ത്തകള്‍ സന്തോഷം പകരുന്നതാണ്. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനു മുമ്പുതന്നെ സലാഹ് നമുക്കൊപ്പം ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ കാത്തിരിക്കുകയാണ്.’ കൂപ്പര്‍ പറഞ്ഞു.
‘സലാഹ് പ്രധാനപ്പെട്ട കളിക്കാരനാണ്. പക്ഷേ, അദ്ദേഹത്തെ മാത്രം ആശ്രയിച്ച് ടീം ഒരുക്കാന്‍ കഴിയില്ല. സലാഹിന് കളിക്കാനാവില്ലെങ്കില്‍ പകരം മറ്റൊരാളെ കളിപ്പിക്കേണ്ടി വരും. ഏതായാലും ഇത് ടീമിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.’ കൂപ്പര്‍ വ്യക്തമാക്കി.
ഇപ്പോള്‍ പരിക്കുകാരണം വിശ്രമത്തിലുള്ള സലാഹ് ടീമിനൊപ്പം ചേരാന്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.