X

സലാഹ് റിവഞ്ച്‌

ഓര്‍മയുണ്ടോ ആ രാത്രി…? 2018 ലെ മെയ് 26 ലെ യുക്രെയിന്‍ രാത്രി…. യുക്രെയിന്‍ ആസ്ഥാന നഗരമായ കീവിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. 60,000 ത്തിലധികം കാണികള്‍. ലോക ഫുട്‌ബോളിലെ വന്‍കിടക്കാരായ റയല്‍ മാഡ്രിഡും ലിവര്‍പൂളും മുഖാമുഖം. ആദ്യ പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. പക്ഷേ ലിവറിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ഫൗളില്‍ പുറത്തായി. റയലിന്റെ നായകന്‍ സെര്‍ജിയോ റാമോസ് നടത്തിയ ചുമല്‍ ഫൗളില്‍ താരം നിലത്ത് വീഴുന്നു. വേദന സഹിച്ച് അല്‍പ്പസമയം കൂടി കളിക്കുന്നു. പിന്നെ പിന്മാറുന്നു. രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ പിറന്നു. കരീം ബെന്‍സേമയിലുടെ റയല്‍ തുടങ്ങി. സാദിയോ മാനേയിലുടെ ലിവര്‍ മടക്കി. തുടര്‍ച്ചയായി രണ്ട് വട്ടം ഗ്യാരത്ത് ബെയില്‍ റയലിനായി വല കുലുക്കി. അങ്ങനെ 3-1 ല്‍ റയല്‍ തുടര്‍ച്ചയായി മൂന്നാം തവണയും വന്‍കരയിലെ ചാമ്പ്യന്മാരായി. കോച്ച് സിനദിന്‍ സിദാന്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഹാട്രിക്ക് കിരീടം സ്വന്തമാക്കുന്ന പരിശീലകനായി. പക്ഷേ മല്‍സരത്തിന് ശേഷം ലിവര്‍പൂള്‍ റാമോസിന്റെ ഫൗളില്‍ ക്ഷുഭിതരായി പ്രതികരിച്ചു. മുഹമ്മദ് സലാഹിന്റെ നാടായ ഈജിപ്തും രോഷാകുലരായിരുന്നു. കാരണം റഷ്യയില്‍ ലോകകപ്പ് അടുത്ത മാസത്തിലായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ പരുക്ക് സലാഹിനെ ലോകകപ്പിലും ബാധിച്ചു. അദ്ദേഹം റഷ്യയില്‍ പന്ത് തട്ടിയെങ്കിലും ആരോഗ്യവാനായിരുന്നില്ല.

ഇതേ ടീമുകള്‍ ഇതാ വീണ്ടും മുഖാമുഖം. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തന്നെ. വേദി മാത്രം മാറുന്നു. കീവിന് പകരം പാരിസ്. പക്ഷേ താരനിരയില്‍ കാര്യമായി മാറ്റമില്ല. റയല്‍ സംഘത്തില്‍ റാമോസ് ഇല്ല എന്നതാണ് വലിയ മാറ്റം. കരീം ബെന്‍സേമയും ലുകാ മോദ്രിച്ചും ടോണി ക്രൂസുമെല്ലാം കളിക്കുന്നു. ലിവര്‍ സംഘത്തില്‍ സലാഹ് മാത്രമല്ല മാനേയും ഹെന്‍ഡേഴ്‌സണുമെല്ലാമുണ്ട്. പരിശീലകന്‍ പഴയ ജുര്‍ഗന്‍ ക്ലോപ്പെ തന്നെ. റയലില്‍ സിദാനില്ല-പകരം കാര്‍ലോസ് അന്‍സലോട്ടി.

വരുന്ന 28 ലെ ഫൈനല്‍ പ്രതികാര പോരാട്ടം തന്നെയാണെന്നാണ് സലാഹ് വിശദീകരിക്കുന്നത്. ഞാന്‍ കാത്തിരുന്ന പ്രതിയോഗി റയല്‍ തന്നെയാണ്. റയല്‍-സിറ്റി സെമിക്ക് മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. റയല്‍ മികച്ച സംഘമാണ്. നിരവധി പ്രമുഖരെ പരാജയപ്പെടുത്തിയ സംഘമാണ്. ഫൈനല്‍ ഗംഭീരമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് ജയിക്കണം. വന്‍കരയിലെ ചാമ്പ്യന്മാരാവണം-സലാഹ് വ്യക്തമാക്കി. ഇത്തവണ പക്ഷേ ലോകകപ്പ് ടെന്‍ഷന്‍ താരത്തിനില്ല. ഖത്തര്‍ ലോകകപ്പിന് സലാഹിന്റെ രാജ്യമായ ഈജിപ്ത് യോഗ്യത നേടിയിട്ടില്ല.

2018 ലെ കീവ് അനുഭവം ഒരിക്കലും മറക്കാനാവില്ലെന്ന് സലാഹ് പറയുന്നു. റാമോസിന്റെ ഫൗള്‍ ബോധപൂര്‍വമായിരിക്കാം. അദ്ദേഹത്തിനെതിരെ അത്തരത്തില്‍ ആരോപണങ്ങളുമുണ്ടായിരുന്നു. പക്ഷേ ആ ഫൗള്‍ വേദനാജനകമായിരുന്നു. അടുത്ത വര്‍ഷം ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയെന്നത് സത്യം. ടോട്ടനത്തിനെതിരായ കലാശത്തില്‍ എനിക്ക് പെനാല്‍ട്ടി വഴി ഗോളും നേടാനായി. പക്ഷേ ചില മല്‍സരങ്ങള്‍ നമ്മള്‍ മറക്കില്ലല്ലോ- ഇന്ന് നടക്കുന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തിനുള്ള ഒരുക്കത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ പ്രതിയോഗി ടോട്ടനമാണ്. ലിവര്‍ ചാമ്പ്യന്‍സ് ലീഗിന് പുറമെ ലക്ഷ്യമിടുന്ന മേജര്‍ കിരടമാണ് പ്രീമിയര്‍ ലീഗ്. നിലവില്‍ അവര്‍ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്റ് പിറകിലാണ്. നാല് കിരീടങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം. കറബാവോ കപ്പ് സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗിലും എഫ്.എ കപ്പിലും ഫൈനലിലുണ്ട്. പ്രിമിയര്‍ ലീഗില്‍ നാല് മല്‍സരങ്ങള്‍ ശേഷിക്കെ ഒരു പോയിന്റ് മാത്രം പിറകില്‍-എല്ലാവര്‍ക്കുമൊപ്പം ഞാനും കാത്തിരിക്കുന്നു-ആ ചരിത്രത്തിനായി. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ എഴുത്തുകാര്‍ ഈ സീസണിലെ മികച്ച ഫുട്‌ബോളറായി എന്നെ തെരഞ്ഞെടുത്തതില്‍ വലിയ സന്തോഷം. നാല് വര്‍ഷം മുമ്പ് ഈ ബഹുമതി എനിക്ക് ലഭിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കുടുംബത്തിലെ പ്രധാനികളാണ്. അവരുടെ അംഗീകാരം ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Test User: