X

ബലന്‍ ഡി യോറിനര്‍ഹനാണ് സലാഹ്

തേര്‍ഡ് ഐ/കമാല്‍ വരദൂര്‍

ഒരു പതിവ് ചോദ്യം. ആരായിരിക്കും ഇത്തവണ ബലന്‍ഡിയോര്‍ സ്വന്തമാക്കുക. പതിവ് ഉത്തരങ്ങളില്‍ രണ്ട് പേര്‍ മാത്രമാണല്ലോ… ഒന്നുകില്‍ മെസി, അല്ലെങ്കില്‍ കൃസ്റ്റിയാനോ. 2007 മുതല്‍ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നോക്കിയാല്‍ ഈ രണ്ട് പേരുടെയും കുത്തകയാണ്. അര്‍ജന്റീനക്കാരനും പോര്‍ച്ചുഗലുകാരനും അഥവാ ബാര്‍സയും റയലും തമ്മിലുളള ഈ കുത്തക പോരിന് ഇത്തവണ അന്ത്യമുണ്ടാവില്ലേ…? ഉണ്ടാവുമെന്നാണ് തേര്‍ഡ് ഐ വീക്ഷണം. വലിയ ഫുട്‌ബോള്‍ പുരസ്‌ക്കാരത്തിനായി മുഹമ്മദ് സലാഹ് ഗാലി എന്ന ഈജിപ്തുകാരന്റെ പേര് മുന്നോട്ട് വെക്കുമ്പോള്‍ ചിരിച്ചു തള്ളുന്നവരുണ്ടാവാം. പക്ഷേ വരട്ടെ-ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മുഖത്താണ്. ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നുമുണ്ട്. മെസിയുടെ ഫ്രീകിക്ക് വേട്ടക്കും സി.ആര്‍ 7 ന്റെ മാജിക് ഗോളുകള്‍ക്കുമെല്ലാം സ്ഥിരമായി വോട്ട് നല്‍കുന്ന നമ്മുടെ ദേശീയ നായകരും പരിശീലകരും മുഹമ്മദ് സലാഹ് എന്ന ഇരുപത്തിയഞ്ചുകാരന്റെ മികവ് കാണാതിരിക്കില്ലല്ലോ….

 

ഈജിപ്ത് ഒരു ഫുട്‌ബോള്‍ രാജ്യമൊന്നുമല്ല-പക്ഷേ ഫുട്‌ബോള്‍ അവര്‍ക്ക് പ്രിയങ്കരമാണ്. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിന്റെ വിഖ്യാത താരങ്ങളെ തെരഞ്ഞാല്‍ ഈജിപ്തുകാരില്ലെന്ന് തന്നെ പറയാം. അത് കൊണ്ടാണല്ലോ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച താരമായി സലാഹ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ഈജിപ്തുകാരനായത്.കഠിനാദ്ധ്വാനമാണല്ലോ പുരസ്‌ക്കാരങ്ങളുടെ മാനദണ്ഡം. സലാഹ് ഈ സീസണില്‍ ഇതിനകം 43 ഗോളുകളാണ് സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മൂന്ന് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സെമി രണ്ടാ പാദമുണ്ട്, പിന്നെ ഫൈനലും വരും. സീസണിലെ ഗോള്‍ സമ്പാദ്യം അര്‍ധശതകമാക്കാന്‍ നിലവിലെ ഫോമില്‍ അദ്ദേഹത്തിന് പ്രയാസമില്ല. ഈ ഗോളുകളെല്ലാം കഠിനാദ്ധ്വാനത്തിന്റെ വിയര്‍പ്പാണ്. ഗോളുകള്‍ ധാരാളം മെസി സ്‌ക്കോര്‍ ചെയ്യുമ്പോള്‍ ബാര്‍സിലോണ മധ്യനിരയിലെ ഇനിയസ്റ്റമാരുടെ പിന്തുണ മറക്കാവതല്ല. കൃസ്റ്റിയാനോക്കായി പന്ത് നല്‍കാന്‍ ജെറാത്ത് ബെയിലും മാര്‍സിലോയും ബെന്‍സേമയുമെല്ലാമുണ്ട്. ലോക ഫുട്‌ബോളിലെ സമ്പന്നമായ സംഘങ്ങള്‍ക്കൊപ്പമാണ് മെസിയും കൃസ്റ്റിയാനോയും കളിക്കുന്നതെങ്കില്‍ സലാഹിന് ഇത്തരം പിന്‍ബലമില്ല. സ്വന്തം ആരോഗ്യത്തില്‍ വിശ്വാസമര്‍പ്പിച്ചുള്ള ഫുട്‌ബോള്‍.
അതാണ് അദ്ദേഹത്തിന്റെ കരുത്ത്. 75 മിനുട്ട് അദ്ദേഹം ഇന്നലെ ചാമ്പ്യന്‍സ് ലീഗ് സെമി കളിച്ചു. ഒരു മിനുട്ട് പോലും വിശ്രമമില്ല. പന്തിനൊപ്പം പറ പറക്കുന്നു.

അദ്ദേഹത്തെ കോച്ച് പിന്‍വലിച്ചപ്പോഴാവട്ടെ റോമക്കാര്‍ രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തു. അതും കാണാതിരിക്കരുത്. നല്ല ആരോഗ്യം, ലക്ഷ്യ ബോധം, സഹായ മനസ്ഥിതി-ഒരു കൃസ്റ്റിയാനോ റൊണാള്‍ഡോ മോഡല്‍ ഗെയിം. ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ സ്വന്തം കാര്യം സിന്ദാബാദ് മുദ്രാവാക്യമായിരുന്നു സാലിഹിനെങ്കില്‍ സുന്ദരമായി അദ്ദേഹത്തിന് ഹാട്രിക് നേടാമായിരുന്നു. തനിക്ക് സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്ന രണ്ടവസരങ്ങളില്‍ സലാഹ് പന്ത് കൂട്ടുകാര്‍ക്കാണ് നല്‍കിയത്. അവര്‍ സ്‌ക്കോര്‍ ചെയ്തു-
ഈ ഫുട്‌ബോള്‍ ബലന്‍ഡിയോര്‍ അര്‍ഹിക്കുന്നില്ലേ……

chandrika: