ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. ടോട്ടനം ഹോട്‌സ്പറിനെതിരായ ഫൈനൽ നടക്കുന്ന ദിനത്തിൽ മുസ്ലിം താരങ്ങളായ സലാഹും മാനെയും നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താൻ തടയില്ലെന്ന് കോച്ച് വ്യക്തമാക്കി. ഇസ്ലാമിക ആചാരങ്ങളോട് തനിക്ക് ബഹുമാനമാണെന്നും റമസാൻ മാസത്തിലും അല്ലാത്തപ്പോഴും സലാഹിന്റെയും സാനെയുടെയും പ്രകടനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ കളിക്കാർ നോമ്പെടുക്കുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. അവരുടെ മതത്തെ ഞാൻ ബഹുമാനിക്കുന്നു. നോമ്പെടുത്താണെങ്കിലും അല്ലെങ്കിലും ഏറ്റവും മികച്ച പ്രകടനം തന്നെയാണ് അവർ കാഴ്ചവെക്കാറുള്ളത്.’ – ഫൈനൽ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ക്ലോപ്പ് പറഞ്ഞു.
‘നമസ്‌കാരം കഴിഞ്ഞ് സലാഹും മാനെയും ഡ്രസ്സിങ് റൂമിൽ വൈകിയെത്തുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്. ഈ ജീവിതത്തിൽ ഫുട്‌ബോളിനേക്കാൾ പ്രധാനമായ മറ്റു കാര്യങ്ങളുമുണ്ട്’ കോച്ച് കൂട്ടിച്ചേർത്തു.
അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോയിലാണ് നാളെ ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുന്നത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ് കിക്കോഫ്. സ്‌പെയിനിൽ രാത്രി 9.00 മണിയാണിത്. 9.37 നാണ് സൂര്യാസ്തമയം എന്നതിനാൽ, നോമ്പെടുക്കുന്നുണ്ടെങ്കിൽ സലാഹും മാനെയും ഭക്ഷണം കഴിക്കാതെ തന്നെ കളി തുടങ്ങേണ്ടി വരും.
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് ടീമിലെ ഹകീം സിയെക്ക്, നുസൈർ മസ്രോയ് എന്നിവർ നോമ്പെടുത്താണ് കളി തുടങ്ങിയത്. സൂര്യാസ്തമയ സമയം ആയപ്പോൾ ഇരുവരും ടച്ച്‌ലൈനിലെത്തി എനർജി ജെൽ കഴിച്ച് നോമ്പ് മുറിക്കുകയായിരുന്നു. മത്സരത്തിൽ സിയെക്ക് ഒരു ഗോളും നേടിയിരുന്നു.