X
    Categories: CultureSports

ആ വിമാനം തെരഞ്ഞെടുത്തത് സാല തന്നെ, വെളിപ്പെടുത്തലുമായി ക്ലബ്ബുടമ

കുറച്ചുകൂടി വേഗത്തില്‍ എത്താന്‍ വേണ്ടി കളിക്കാരന്‍ തന്നെയാണ് തന്റെ യാത്രാ മാര്‍ഗം തെരഞ്ഞെടുത്തത്.

പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനത്തിലുണ്ടായിരുന്ന കാര്‍ഡിഫ് സിറ്റി കളിക്കാരന്‍ എമിലിയാനോ സാലയെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് നഗരമായ നാന്റസില്‍ നിന്ന് വെയില്‍സിലെ കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്ക് വിമാനം തെരഞ്ഞെടുത്തത് സാല തന്നെയായിരുന്നുവെന്നും മറ്റ് മാര്‍ഗങ്ങള്‍ ഒരുക്കാമെന്ന ക്ലബ്ബിന്റെ വാഗ്ദാനം 28-കാരന്‍ നിരസിക്കുകയായിരുന്നുവെന്നും കാര്‍ഡിഫ് സിറ്റി ക്ലബ്ബുടമ മഹ്മത് ദല്‍മാന്‍ പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബായ എഫ്.സി നാന്റസില്‍ നിന്ന് 15 ദശലക്ഷം പൗണ്ട് എന്ന റെക്കോര്‍ഡ് തുകക്ക് കാര്‍ഡിഫിലേക്ക് കൂടുമാറിയ സാല, പുതിയ ക്ലബ്ബിലേക്കുള്ള ആദ്യ യാത്രക്കിടെയാണ് അപ്രത്യക്ഷനായത്. അര്‍ജന്റീനക്കാരനായ സ്‌ട്രൈക്കര്‍ക്കും അദ്ദേഹം സഞ്ചരിച്ച പൈപ്പര്‍ മാലിബു വിമാനത്തിലെ പൈലറ്റ് ഡേവ് ഇബോട്‌സണും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

തങ്ങളുടെ പുതിയ കളിക്കാരനു വേണ്ടി യാത്രാ വിമാനത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മഹ്മത് ദല്‍മാന്‍ പറഞ്ഞു: ‘ഞങ്ങളുടെ കളിക്കാരന് യാത്രാസൗകര്യമൊരുക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. വാണിജ്യ വിമാനത്തിലാണ് ഞങ്ങള്‍ സാധാരണ സൗകര്യമൊരുക്കാറുള്ളത്. നാന്റസില്‍ നിന്ന് പാരിസിലേക്ക് ട്രെയിനിലും അവിടെ നിന്ന് ഹീത്രുവിലേക്ക് വിമാനത്തിലുമാണ് സാല യാത്ര ചെയ്യേണ്ടിയിരുന്നത്. ഹീത്രുവില്‍ ഇറങ്ങിയ ശേഷം കാര്‍ഡിഫിലേക്ക് റോഡ് മാര്‍ഗവും. എന്നാല്‍, കുറച്ചുകൂടി വേഗത്തില്‍ എത്താന്‍ വേണ്ടി കളിക്കാരന്‍ തന്നെയാണ് തന്റെ യാത്രാ മാര്‍ഗം തെരഞ്ഞെടുത്തത്. സ്വന്തം നിലക്ക് എത്തിക്കൊള്ളാമെന്ന് സാല അറിയിക്കുകയായിരുന്നു.’ – ദല്‍മാന്‍ സ്‌കൈ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതിനിടെ വിമാനം അപ്രത്യക്ഷമായി മൂന്നു ദിനം കഴിഞ്ഞിട്ടും എവിടെയെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കടലിലാണ് ലാന്റ് ചെയ്തിട്ടുള്ളതെങ്കില്‍ സാലയും ഇബോട്‌സണും ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: