ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കബര്‍സ്ഥാന്‍ പരാമര്‍ശത്തില്‍ പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്. മുസ്‌ലിംകളുടെ മയ്യത്തുകള്‍ ദഹിപ്പിക്കട്ടെയെന്നാണ് സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശം. 20 കോടി മുസ്‌ലിംകള്‍ രാജ്യത്തുണ്ട്. ഇവരുടെയെല്ലാം മയ്യത്തുകള്‍ക്ക് കബറൊരുക്കാന്‍ സ്ഥലമില്ലെന്നും അതിനാല്‍ മയ്യത്തുകള്‍ ദഹിപ്പിക്കുന്നതാണ് നല്ലതെന്നും മഹാരാജ് പറഞ്ഞു. രണ്ടു മുതല്‍ രണ്ടര കോടി വരെ സന്യാസിമാര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സ്മൃതിമണ്ഡപങ്ങളില്ല. എല്ലാ സന്യാസിമാരും സമാധി സ്ഥലം ആവശ്യപ്പെട്ടാല്‍ എത്ര സ്ഥലം വേണ്ടി വരുമെന്ന് ആലോചിച്ചു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഫത്തേപൂര്‍ റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ‘ഗ്രാമത്തില്‍ ഒരു കബര്‍സ്ഥാന്‍ നിര്‍മിക്കുകയാണെങ്കില്‍ അവിടെ ഒരു ശ്മശാനവും ഉണ്ടാക്കണം. റമസാനില്‍ നിലക്കാത്ത വൈദ്യുതിയുണ്ട്. ഇത് ദീപാവലിക്കും ഉണ്ടാവണം. വിവേചനമുണ്ടാവരുത്’-ഇങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഓരോ ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും ബിജെപി നേതൃത്വത്തിന്റെ വര്‍ഗീയ മുഖം കൂടുതല്‍ ശക്തമാകുന്നതിന്റെ തെളിവാണ് നേതാക്കളുടെ പ്രസ്താവനകള്‍. മീററ്റിലെ റാലിക്കിടെ വിവാദ പരാമര്‍ശം നടത്തിയ സാക്ഷി മഹാരാജനെ തെഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു. നാലു ഭാര്യമാരും നാല്‍പതു മക്കളുമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യാപെരുപ്പിന് കാരണക്കാരെന്നായിരുന്നു സാക്ഷി മഹാരാജ് അന്ന് നടത്തിയ പരാമര്‍ശം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് വകവെക്കാതെയാണ് വീണ്ടും പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.