X
    Categories: indiaNews

‘മുസ്ലീങ്ങള്‍ കേരളത്തിലേക്ക് പോകണം, അവിടെ മതസൗഹാര്‍ദ്ദത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്’; സാക്കിര്‍ നായിക്ക്

ക്വാലാലംപൂര്‍: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സംഘടിച്ച് ബിജെപിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്ന് ആഹ്വാനം ചെയ്ത് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കുകയാണെന്നും നായിക്ക് പറഞ്ഞു. നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായിക്കുള്ളത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാക്കിര്‍ നായിക്കിന്റെ പരാമര്‍ശം.

ഇന്ത്യവിട്ടുപോകാന്‍ പല മുസ്ലീങ്ങള്‍ക്കും താത്പര്യമില്ല. രാജ്യം വിട്ട് പോകാന്‍ സാധിക്കാത്ത മുസ്ലീങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതാണ് നല്ലത്. മുസ്ലീങ്ങളോട് നല്ല സമീപനമുള്ള സംസ്ഥാനമാകുന്നതാണ് നല്ലതെന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഏറ്റവും നല്ല ഇടം കേരളമാണെന്നും നായിക്ക് പറഞ്ഞു.

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നത് കേരളത്തിലാണ്. കേരളം ഒരിക്കലും വര്‍ഗീയപരമായി ചിന്തിക്കാറില്ല. എല്ലാ വിഭാഗക്കാരും അവിടെ മതസൗഹാര്‍ദത്തിലാണ് ജീവിക്കുന്നത്. മതങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും ബിജെപി സര്‍ക്കാരിന് കേരളത്തില്‍ വലിയ വേരോട്ടവുമില്ലെന്നും നായിക്ക് വ്യക്തമാക്കി. അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മുറികെ പിടിക്കാന്‍ ഏറ്റവും നല്ല ഇന്ത്യയിലെ സംസ്ഥാനം കേരളമാണെന്നും നായിക്ക് കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെ മുസ്ലീങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണം. പല മേഖലകളിലായി വിഘടിച്ച് നില്‍ക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഒന്നിക്കുക മാത്രമാണ് ബിജെപിയുടെ ചൂഷണത്തെ നേരിടാനുള്ള മാര്‍ഗമെന്നും നായിക്ക് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങളെ പരമാവധി ദ്രോഹിക്കുകയാണ്. മുസ്ലീങ്ങള്‍ ഒരു സമൂഹമായും അതോടൊപ്പം വ്യക്തികളായും മാറണം. അതിനായി ഒത്തൊരുമിച്ച് നില്‍ക്കണം. ഇസ്ലാമിലെ വിവിധ ഘടകങ്ങള്‍ കാരണം അവര്‍ അകന്നാണ് നില്‍ക്കുന്നതെന്നും നായിക്ക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ 250 മുതല്‍ 30 മില്യണ്‍ വരെ മുസ്ലീങ്ങള്‍ ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആ കണക്കുകളെ മറച്ച് വെക്കുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫാഷിസവും വര്‍ഗീയവാദവും പ്രോത്സാഹിപ്പിക്കാത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി മുസ്ലീങ്ങള്‍ കൈകോര്‍ക്കണമെന്നും മുസ്ലീങ്ങള്‍ അവര്‍ക്ക് മാത്രമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും നായിക്ക് ആഹ്വാനം ചെയ്തു.

 

chandrika: