X
    Categories: Newsworld

യുദ്ധഭൂമിയില്‍ ഏകരായി സാഖിദയും കുടുംബവും

കീവ്: സാഖിദ അഡിലോവ അധ്യാപികയാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന ബോംബു വര്‍ഷം തുടരുമ്പോഴും വീട്ടില്‍ മകളുടെയും ഉമ്മയുടെയും കൂടെ മരണം മുന്നില്‍ കണ്ട് കഴിയുകയാണ് അവര്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന് ഉറപ്പുണ്ടെങ്കിലും ഇനിയൊരു പലായനത്തെക്കുറിച്ച് ആ കുടുംബത്തിന് ചിന്തിക്കാനാവില്ല.

2014ല്‍ റഷ്യന്‍ സേന ക്രൈമിയ പിടിച്ചെടുത്തപ്പോഴാണ് സാഖിദ കുടുംബത്തോടൊപ്പം കീവിലെത്തിയത്. യുദ്ധം ആറാം ദിവസം പിന്നിടുമ്പോള്‍ അഭയം തേടി ഓടിപ്പോയതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നാണ് അവരുടെ അഭിപ്രായം. താതാര്‍ മുസ്‌ലിം വംശജയായ അവരിപ്പോള്‍ എന്തിനെയും നേരിടാനുള്ള ചങ്കുറപ്പോടെ റഷ്യന്‍ പോര്‍വിമാനങ്ങളുടെ ശബ്ദം കേട്ട് വീടിന്റെ ഒറ്റമുറിയില്‍ ഉമ്മയേയും മകളെയും ചേര്‍ത്തുപിടിച്ച് കഴിയുകയാണ്.

ഫെബ്രുവരി 24ന് പുലര്‍ച്ചെ മകളുടെ അലര്‍ച്ച കേട്ടാണ് സാഖിദ ഉണര്‍ന്നത്. യുദ്ധം തുടങ്ങിയെന്നും എത്രയും വേഗം വീടുപേക്ഷിച്ച് പോകണമെന്നും ആരോ അവളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ബെഡില്‍നിന്ന് ചാടിയിറങ്ങിയ സാഖിദ ജനലിന് നേരെ ഓടി പുറത്തേക്ക് നോക്കി. തെരുവില്‍ ആരുമുണ്ടായിരുന്നില്ല. ഭീതിതമായ നിശബ്ദത. റഷ്യന്‍ സേന കടന്നാക്രമണം തുടങ്ങിയ വിവരം അറിയാന്‍ വൈകിയതായി അവര്‍ മനസിലാക്കി. ഫോണില്‍ നോക്കിയപ്പോള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നറിയിപ്പ് സന്ദേശങ്ങള്‍. യുദ്ധം പൊട്ടിപ്പുറപ്പെട്ട വിവരം അറിയാന്‍ വൈകിയതില്‍ സാഖിദ ഖേദിച്ചു. മിനുട്ടുകള്‍ക്കകം മകളെയും ഉമ്മയേയും കൂട്ടി പുറത്തിറങ്ങിയെങ്കിലും സമയം അതിക്രമിച്ചിരുന്നു.

കാറുകളിലും മറ്റുമായി ആളുകള്‍ പലായനം ചെയ്യുകയാണ്. ടാക്‌സി വിളിക്കാന്‍ ശ്രമിച്ചെങ്കിലും എവിടെനിന്നും പ്രതികരണമില്ല. തെരുവില്‍ അധികം നില്‍ക്കുന്നത് ബുദ്ധിയല്ലെന്ന് മനസിലാക്കി യു.എസ് എംബസിക്ക് അടുത്തുള്ള താമസകേന്ദ്രത്തിലേക്ക് മടങ്ങി. യുദ്ധം രണ്ടാം ദിവസത്തേക്ക് കടന്നതോടെ നഗരത്തിന് പുറത്തുകടക്കാന്‍ സാധിക്കില്ലെന്ന് സാഖിദക്ക് ഉറപ്പായി. ഇപ്പോള്‍ സ്വയം സമാധാനിപ്പിച്ച് ഭീതിയോടെ വീട്ടില്‍ കഴിഞ്ഞുകൂടുകയാണ്. തൊട്ടടുത്തുള്ള പല കെട്ടിടങ്ങളും റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരിക്കുന്നു. യുക്രെയ്‌നികള്‍ ചെറുത്തുനില്‍പ്പ് തുടരുന്നുവെന്ന വാര്‍ത്ത അവര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. പക്ഷെ, അത് എത്രത്തോളം നീളുമെന്നതിനെക്കുറിച്ച് സംശയം ബാക്കിയാണ്. ഇപ്പോള്‍ കീവിന്റെ യുദ്ധാന്തരീക്ഷങ്ങള്‍ ലോകത്തെ അറിയിച്ച് സാഖിദ ഫേസ്ബുക്കില്‍ സജീവമായുണ്ട്.

Test User: