കോഴിക്കോട്: ചലച്ചിത്ര രംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനെതിരെ നടി ലക്ഷ്മിപ്രിയ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സജിതാ മഠത്തില്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരെയും ക്ഷണിക്കുമെന്നും സജിതാമഠത്തില്‍ പറഞ്ഞു.
ഒരു സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ല. ആദ്യം കുറച്ചു പേരുടെ മനസ്സിലായിരിക്കും ഇത് രൂപം കൊള്ളുക. പിന്നീട് ചര്‍ച്ച ചെയ്താണ് സംഘടന വലുതാകുന്നത്. സംഘടനയുടെ പ്രവര്‍ത്തനവും കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്ന ആദ്യ ഘട്ടത്തിലാണിപ്പോഴെന്നും സജിതാ മഠത്തില്‍ മനോരമ ന്യൂസ് ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. സംഘടന ആരംഭിക്കുന്ന കാര്യം അധികം ആരോടും പറഞ്ഞിട്ടില്ല. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഘടനയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 20 പേര്‍ മാത്രമാണ് ഗ്രൂപ്പിലുള്ളത്.
സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സെപ്തംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. അതിനുശേഷം മാത്രമേ മെമ്പര്‍ഷിപ്പ് കാമ്പയിനിങ് നടക്കുകയുള്ളൂ. സിനിമാരംഗത്തെ എല്ലാ വനിതകളെയും അംഗങ്ങളായി ക്ഷണിക്കും.
സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ഭാഗമാകാം. ഡബ്ല്യുസിസി മനപ്പൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ല. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങുന്നതോടെ സംഘടനയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സജിത മഠത്തില്‍ പറഞ്ഞു.