X
    Categories: keralaNews

സജി ചെറിയാന്റെ മന്ത്രിപദവി; അനുവദിച്ചത് എം.എല്‍.എ പദവി മാത്രം ; അന്തിമവിധി എതിരായാല്‍ നാണക്കേട് !

സി.പി.എം ആലപ്പുഴ നേതാവ് സജിചെറിയാനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പെടുത്തുന്നത് പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയില്‍ അകപ്പെടുത്തിയേക്കും. അദ്ദേഹം ഭരണഘടനയെ അധിക്ഷേപിച്ചു എന്ന കുറ്റം നിലനില്‍ക്കുകയാണിപ്പോഴും. പൊലീസ് മാത്രമാണ് സജിയെ രക്ഷിക്കാനായി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്. ഇത് സി.പി.എം നിര്‍ദേശപ്രകാരമായിരുന്നു. ആലപ്പുഴയില്‍നിന്ന് തോമസ് ഐസക്കിനെയോ മറ്റോ മന്ത്രിയായി വീണ്ടും കൊണ്ടുവരാന്‍ പിണറായിക്ക് താല്‍പര്യവുമില്ല. ഇതാണ് പാര്‍ട്ടിയുടെ നിര്‍ദേശത്തിന് കാരണം. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റില്‍ ആലപ്പുഴയിലെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രിപദവിയേറ്റെടുക്കല്‍.
ഭരണഘടനയിലെ മതേതരത്വം, ജനാധിപത്യം എന്നിവയെ കുന്തം ,കുടച്ചക്രം എന്നെല്ലാം പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു മന്ത്രിയായിരിക്കെ സജി. ബ്രിട്ടീഷുകാരുണ്ടാക്കിയ ഭരണഘടനയുടെ പതിപ്പാണിതെന്നും അദ്ദേഹം ആക്ഷേപിച്ചു. പൊതുസമ്മേളനത്തിലായിരുന്നു ഇത്. അഡ്വ. ബിജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് വിലക്കിയത്. പരാമര്‍ശം ശരിയല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.ഇതെതുടര്‍ന്നാണ ്‌രാജിയും. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ സജിചെറിയാനെ എം.എല്‍.എ പദവിയില്‍നിന്ന് പുറത്താക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇതാണ് പുതിയ സ്ഥാനലബ്ധിക്ക് സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. കോടതിയില്‍ സജി മന്ത്രിയാകുന്നതിനെക്കുറിച്ച് പരാതി വന്നിട്ടില്ല. പ്രതിപക്ഷം പറയുന്നത് ഇതുസംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നാണ്. അങ്ങനെ വന്നാല്‍ നിലവിലെ ഹര്‍ജിയും കൂടി ചേര്‍ന്ന് കോടതിക്ക് വിധി പ്രഖ്യാപിക്കേണ്ടിവരും. അതുവരെ കാത്തിരിക്കാന്‍ ആലപ്പുഴയിലെ പാര്‍ട്ടിക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഗവര്‍ണറും ഇക്കാര്യത്തില്‍ സംശയത്തിലായിരുന്നു. അദ്ദേഹത്തോട് നാളെ കോടതി വല്ലതും ആരാഞ്ഞാല്‍ മറുപടി പറയുന്നതിനാണ് നിയമോപദേശം തേടിയത്. അതില്‍ മുഖ്യമന്ത്രിയുടെ ശിപാര്‍ശ അംഗീകരിക്കാനാണ് ഉപദേശം. എന്നാല്‍ ഗവര്‍ണറുടെ പ്രത്യേകാധികാരം ഉപയോഗിക്കാമെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും വകവെക്കാതെ സമ്മര്‍ദം ശക്തമായതോടെയാണ് അദ്ദേഹവും വഴങ്ങിയത്. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസാരിച്ചതിനെതുടര്‍ന്ന് ആരിഫ് ഖാന്‍ അയയുകയായിരുന്നു. ഏതായാലും കോടതിയുടെ അന്തിമവിധി വരികയാണെങ്കില്‍ അത് എതിരായാല്‍ വീണ്ടും സി.പി.എമ്മിന് നാണക്കേട് പിണയേണ്ടിവരും. സജി ചെറിയാനെസംബന്ധിച്ച് മന്ത്രിക്കസേരയില്‍ രണ്ടാമതും വന്നുവെന്ന ഖ്യാതിയും ബാക്കിയാകും.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്.’-.എന്ന് തുടങ്ങുന്നതായിരുന്നു മല്ലപ്പള്ളി പ്രസംഗം. രാജി ഉചിതമെന്ന് അന്നത്തെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുകയുണ്ടായി. രാജിവെച്ചതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും കോടിയേരി പറഞ്ഞിരുന്നു. അതിനെയാണ ്‌സി.പി.എം ഇപ്പോള്‍ തള്ളിപ്പറയുന്നത്.

 

Chandrika Web: