ടി.ജെ ആഞ്ചലോസ് എന്നൊരു സഖാവുണ്ടായിരുന്നു പണ്ട് ആലപ്പുഴയില്‍. സി.പി.എം എം.പിയൊക്കെ ആക്കിയ പുള്ളിയാണ്. ഇപ്പോഴെവിടെയാണാവോ. അംഗങ്ങള്‍ തമ്മില്‍ സഖാവെന്ന് വിളിച്ചേ സംസാരിക്കാവൂ, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണം എന്നൊക്കെയാണ് പാര്‍ട്ടി ഭരണഘടനിയിലൊക്കെ എഴുതിവെച്ചിരിക്കുന്നതെന്ന്പറഞ്ഞിട്ട് കാര്യമില്ല. ‘മീന്‍പെറുക്കി നടക്കണ ചെക്കന്‍’ എന്നാണ് മൂത്ത സഖാവ് വി.എസ് അച്യുതാനന്ദന്‍ അന്ന് ടി ആഞ്ചലോസിനെക്കുറിച്ച് പറഞ്ഞത്. അതിനുശേഷം അങ്ങോര്‍ പാര്‍ട്ടി വിട്ട് സി.പി.ഐയിലോട്ടോ മറ്റോ പോയെന്ന് കേട്ടു.
പിന്നീട് മന്ത്രിയും കവിയുമായ കെ. സുധാകരന്റേതായിരുന്നു ആലപ്പുഴ സി.പി.എമ്മിനകത്തെ പുകിലത്രയും. അതിനെയും ഗ്രൂപ്പു കളിച്ച് ഏതാണ്ടൊരുക്കാക്കി. സുധാകര്‍ജി തന്നെ പറഞ്ഞപോലെ സഖാക്കളെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, മൂട്ടിലൂടെ പാരവെക്കുന്ന ടീമാ ആലപ്പുഴേലുള്ളത്. ഇപ്പോഴിതാ മറ്റൊരു മന്ത്രി പുംഗവന്‍ വന്ന് കേരളമാകെ കവിത പാടുകയാണ്. സുധാകരന്റെ പോലുള്ള വരികളൊന്നുമല്ല. എന്നാല്‍ അതിന്റെയത്രയും തന്നെ വീര്യമുണ്ട്. ഐ.എ.എസ്സുകാരെയാണ് സുധാകരന്‍ പണ്ട് മന്ത്രിയായിരിക്കെ ഭള്ള് പറഞ്ഞ് ജനത്തിന്റെ കയ്യടി വാങ്ങിച്ചതെങ്കില്‍ ഇവിടെ സജിചെറിയാന്‍ ചെയ്യുന്നത് വോട്ടുതന്ന ജനത്തെതന്നെ കശക്കിയെറിയുകയാണ്. മല്‍സ്യബന്ധനം, തുറമുഖ എഞ്ചിനീയറിങ്, സിനിമാകാര്യമന്ത്രിതന്നെ. ടിയാന് തിരുത്തലിന് കൂടി ഒരു വകുപ്പ് കൊടുക്കണമെന്നാണിപ്പോള്‍ ശത്രുക്കള്‍ പറയുന്നത്. കേരളത്തെ വെട്ടിമുറിക്കുകയും പാപ്പരാക്കാനുതകുന്നതുമായ കെ റെയില്‍ സംബന്ധിച്ച് ചെറിയാന്‍ നടത്തുന്ന ഗീര്‍വാണങ്ങളാണ് മറ്റൊരു സുധാകരനെ ഓര്‍മപ്പെടുത്തുന്നത്. ആകാരവും ഏതാണ്ടതേ പടിവരും. ഒന്നാം പിണറായി മന്ത്രിസഭയിലെ സുധാകരന്റെ കുറവ് നികത്താനാകാം ചെറിയാച്ചന്റെ ഈ ചൊറിച്ചിലുകള്‍.
കെ റെയിലിന്റെ കുറ്റിയടിക്കപ്പെട്ട ആലപ്പുഴയിലെ പാവങ്ങളുടെമേല്‍ കുതിരകയറുകയാണ് മന്ത്രിയെന്നാണ് അന്നാട്ടുകാര്‍തന്നെ പറയുന്നത്. ഞങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ച സജിസഖാവ് ഞങ്ങളോട് തന്നെ ഈ ചതിചെയ്തല്ലോ എന്നാണവര്‍ വിലപിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച പത്രക്കാരോട് സജിസഖാവ് പറഞ്ഞത് ഇച്ചിരി കടന്നുപോയി. നല്ല സാമ്പത്തികാടിത്തറയുള്ള കുടുംബത്തിലാണ് ജനിച്ചത്. കെ റെയിലിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്റെ വസ്തുവിന് നാലിരട്ടി കിട്ടുമ്പോള്‍ നാലഞ്ചുകോടി കിട്ടുമെന്ന് മന്ത്രി പറഞ്ഞത് ഭൂമി പോകുന്നയാളുകളെ പരിഹസിക്കുന്നതിന് തുല്യമായി. 32 ലക്ഷം രൂപ കയ്യിലുണ്ടെന്ന്തിര.കമ്മീഷന് രേഖ കൊടുത്ത മന്ത്രിയാണ് തനിക്ക് അഞ്ചുകോടി ആസ്തിയുണ്ടെന്ന് പറഞ്ഞത്. നാലിരട്ടി കൂട്ടിയാലും 32 ഇന്‍ടു നാല് 2 കോടിയല്ലേ വരൂ എന്നൊന്നും ചോദിക്കേണ്ട. ഇത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ അങ്ങനെയല്ല പറഞ്ഞതെന്നായി മന്ത്രി. വിമോചന സമരകാലത്തെപോലെ തീവ്രവാദികള്‍ ഒന്നിക്കുകയാണെന്നുകൂടി മന്ത്രിപറഞ്ഞു. കെ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിയുടെ 30 മീറ്റര്‍ ബഫര്‍സോണായിരിക്കുമെന്നാണല്ലോ എന്ന് ആരാഞ്ഞ പത്രക്കാരോട് മന്ത്രി പറഞ്ഞത് ബഫര്‍സോണ്‍ ഇല്ലെന്നായിരുന്നു. കെ റെയില്‍ എം.ഡിയും മുഖ്യമന്ത്രിയും അത് തള്ളിയതോടെ തനിക്ക് തെറ്റു പറ്റിയെന്ന് സമ്മതിക്കാതെ ബഫര്‍സോണ്‍ ഉണ്ടെന്നായി മന്ത്രി. സജിചെറിയാന്‍ മന്ത്രിയോ അതോ സില്‍വര്‍ലൈന്‍ ഉദ്യോഗസ്ഥനോ എന്നാണ് ആലപ്പുഴക്കാരനായ മുന്‍പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ചോദിക്കുന്നത്.
ചെങ്ങന്നൂരില്‍നിന്ന് രണ്ടാംതവണയാണ് നിയമസഭയിലെത്തുന്നതെങ്കിലും ആകെ നാലുവര്‍ഷമേ എം.എല്‍.എ കസേരയില്‍ ആകുന്നുള്ളൂ. 2018ല്‍ കെ.കെ രാമചന്ദ്രന്‍നായര്‍ മരണപ്പെട്ട ഒഴിവില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ 21000 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2006ല്‍ ആദ്യ മല്‍സരത്തില്‍ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനോട് തോറ്റതോടോ സി.പി.എം ജില്ലാസെക്രട്ടറിയായി. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലുമായാണ് പാര്‍ട്ടിയിലെ വളര്‍ച്ച. സ്വന്തം മുന്നണിയും നേതാവുമാണ് ഭരിക്കുന്നതെങ്കിലും 2018ല മഹാവെള്ളപ്പൊക്കത്തിനിടെ രാത്രി ആലപ്പുഴ മുഴുവന്‍ മുങ്ങുന്നേ വിളിച്ചുകൂവി ആകെ പരിഭ്രാന്തിയുണ്ടാക്കി. കുട്ടനാട് മുങ്ങിയെങ്കിലും ആള്‍നാശം ചെറിയാന്‍ സഖാവ് പറഞ്ഞത്രയൊന്നും സംഭവിച്ചതുമില്ല. ഇങ്ങനെതന്നെയാണ് കെ റെയിലിലും ഇഷ്ടന്റെ അതിശയോക്തികള്‍. പേരിലെപോലെ ചൊറിയുന്ന വാക്കുകള്‍! അല്ലെങ്കിലും തിരുത്തലാണല്ലോ പാര്‍ട്ടിയുടെ ഒരു പ്രത്യയശാസ്ത്ര സിദ്ധാന്തം!