തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. ഹൈക്കോടതിയിലെ ഗവര്‍ണറുടെ അഭിഭാഷകനോട് ആണ് നിയമോപദേശം ചോദിച്ചത്. മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കും. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ.
നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമം നടത്തുന്നത്. ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്.