യൂട്യൂബര്‍ ‘തൊപ്പി’യെന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത് പൊലീസ്. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബറുടെ ക്രൂരവിനോദത്തില്‍ ജീവിതം വഴിമുട്ടിയെന്ന് പറഞ്ഞ് സജി പൊലീസ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞു. തനിക്ക് ഭാര്യയ്ക്കും മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് പൊലീസിന്റെ കാലുപിടിച്ച് കരഞ്ഞാണ് ഇയാള്‍ കേസ് കൊടുത്തിരിക്കുന്നത്.
ഐടി നിയമപ്രകാരമാണ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്. കനിവേലി നിര്‍മിച്ച് ഉപജീവനം നടത്തുന്ന സജി സേവ്യറിനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് പരസ്യത്തിനായി നല്‍കിയ നമ്പറില്‍ വിളിച്ച് തൊപ്പി നിഹാദ് അശ്ലീലമായി സംസാരിക്കുകയും പിന്നീട് ഇതിന്റെ ഓഡിയോയും മൊബൈല്‍ നമ്പറും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. ഇതിന് ശേഷം സജിയെ നിരവധിപേര്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. ഫോണ്‍ വിളിക്കുന്നതില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്. ചില സ്ത്രീകളും സജിയെ വിളിച്ച് അശ്ലീലം പറഞ്ഞതായി പറയുന്നു.
ഏപ്രില്‍ 17ന് സജി ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്ന് പൊലീസ് കേസ് എടുത്തിരുന്നില്ല. തൊപ്പിക്കെതിരെ കഴിഞ്ഞ മാസം 23ന് മലപ്പുറം വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ വന്നത്. ജീവിതം വഴിമുട്ടിയതോടെ സജി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പിന്നാലെ ചൊവ്വാഴ്ച തളിപ്പറമ്പ് ഡിവൈ.എസ്.പി വിനോദിന്റെ മുമ്പാകെയെത്തി പരാതി വിവരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.