X

ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തെ വേട്ടയാടാനുള്ള ശ്രമം അനുവദിക്കില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്‍ പാറയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം ഇപ്പോള്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനായി അദ്ദേഹത്തെ കുടുംബത്തെ വേട്ടയാടാന്‍ നടത്തുന്ന ശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആത്മഹത്യം ചെയ്ത സാജന്റെ കുടുംബത്തെ തേജോവധം ചെയ്യാനായി മനുഷ്യത്വ ഹീനമായ അപവാദ പ്രചാരണവുമായി സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുന്നത് ക്രൂരമാണ്. മനുഷ്യമുഖം നഷ്ടപ്പെട്ട പാര്‍ട്ടിയായി സി.പി.എം മാറിയെന്നതിന്റെ മറ്റൊരു തെളിവാണ് ഇത്. ‘എന്റെ പ്രാണനും കൂടി വേണോ നിങ്ങള്‍ക്ക്’ എന്ന സാജന്റെ ഭാര്യ ബീനയുടെ വിലാപം കേരളത്തിന്റെ മനസാക്ഷിയെയാണ് വേദനിപ്പിക്കുന്നത്.


തുടക്കം മുതല്‍ തന്നെ ഈ കേസ് അട്ടിമറിക്കാനും വഴി തിരിച്ചു വിടാനുമാണ് പൊലീസും സി.പി.എമ്മും ശ്രമിച്ചത്. നഗരസഭാ ചെയര്‍പേര്‍സണെതിരെ വ്യക്തമായ പരാതി ഉയര്‍ന്നിട്ടും പൊലീസ് ആ വഴിക്കല്ല അന്വേഷിച്ചത്.

സാജന്‍പാറയിലിന്റെ ആത്മഹത്യയ്ക്ക് വഴി വച്ച കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായവയാണ്. ഇതോടെ മുഖം നഷ്ടപ്പെട്ട സി.പി.എം ആ കുടുംബത്തെ വേട്ടയാടി നശിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വിദേശത്ത് പോയി ചോര നീരാക്കി സ്വരൂപിച്ച പണം ഉപയോഗിച്ച് നാട്ടില്‍ സംരംഭം തുടങ്ങാന്‍ ശ്രമിച്ച സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും പോരാഞ്ഞ് ഇപ്പോള്‍ ആദ്ദേഹത്തിന്റെ കുടുംബത്തെ അപവാദത്തില്‍ മുക്കാന്‍ സി.പി.എം നടത്തുന്ന ശ്രമം ആ പാര്‍ട്ടിക്ക് തന്നെ തിരിച്ചടി ആയി മാറും. സി.പി.എം ഈ ഹീനശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Test User: