മുംബൈ: ബീഫ് നിരോധനത്തെ അനുകൂലിച്ച് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ ഖാന്‍. താനും തന്റെ കുടുംബവും ഇനി മുതല്‍ ബീഫ് കഴിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അജ്മീര്‍ ദര്‍ഗ്ഗ ഖ്വാജ മുഹിയുദ്ദീന്റെ 805-ാമത് ആണ്ടിനോടനുബന്ധിച്ചുള്ള ഉറൂസില്‍ സംസാരിക്കുകയായിരുന്നു സൈനുല്‍ ആബിദീന്‍ അലിഖാന്‍.
മതസൗഹാര്‍ദ്ദം കണക്കിലെടുത്ത് മുസ്‌ലിംങ്ങള്‍ ബീഫ് കഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗോവധനിരോധന നിയമത്തെ പിന്തുണക്കുന്നു. മുത്തലാഖ് അനുവദനീയമല്ല. അതിന് അതിന്റേതായ നിയമങ്ങള്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ അനധികൃത അറവുശാലകള്‍ മാത്രമാണ് പൂട്ടുന്നതെന്ന് പറയുമ്പോഴും ശിവസേന പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ എല്ലാ അറവുശാലകളും പൂട്ടിക്കുകയാണ്. ഇതിന് സംസ്ഥാനത്ത് ഇറച്ചിവില്‍പ്പനക്കാരുടെ സമരവും നടന്നിരുന്നു. രാജ്യമൊട്ടാകെ ഗോവധനിരോധനം വിമര്‍ശിക്കപ്പെടുന്ന ഈ സാഹചര്യത്തിലാണ് ഗോവധത്തെ പിന്തുണച്ചുള്ള അജ്മീര്‍ ദര്‍ഗ്ഗ മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്.