സരവാക്: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്റ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് കിരീടം. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ കൗമാര താരം പോണ്‍പാവി ചൊച്ചുവോങിനെ 22-20, 22-20 എന്ന സ്‌കോറിനാണ് സൈന കീഴടക്കിയത്.
കേവലം 46 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ പരിചയ സമ്പന്നയായ സൈനക്കെതിരെ മികച്ച പ്രകടനമാണ് 67-ാം റാങ്കുകാരിയായ തായ് കൗമാരക്കാരി നടത്തിയത്. സെമി ഫൈനലിലേതിനു സമാനമായി ആദ്യ സെറ്റില്‍ 11-5ന് പിന്നില്‍ നിന്ന ശേഷമാണ് സൈനയുടെ തിരിച്ചു വരവ്. പിന്നീട് 10-13 എന്ന നിലയില്‍ പോയിന്റ് വ്യത്യാസം കുറച്ചു കൊണ്ടു വന്ന സൈന ഒടുവില്‍ 20 മിനിറ്റു കൊണ്ട് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ 3-0ന് മുന്നിലെത്തിയ ചോച്ചുവോങിനെ സൈന പിന്നീട് 8-8 എന്ന നിലയില്‍ സമനില പിടിക്കുകയായിരുന്നു. ഒടുവില്‍ 20-20 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും സൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിക്കാന്‍ ചോചുവോങിനായില്ല. സൈനയുടെ 23-ാം സിംഗിള്‍സ് കിരീടമാണിത്. 2016 ജൂണില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ നേടിയതിന് ശേഷം സൈന നേടുന്ന ആദ്യ കിരീടമാണിത്. റിയോ ഒളിംപിക്‌സിന് ശേഷം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയയായ സൈനയുടെ തിരിച്ചു വരവ് കൂടിയായി ഈ കിരീടം.
2011ല്‍ ഫൈനല്‍ വരെ എത്തിയതാണ് മലേഷ്യന്‍ ഓപണില്‍ സൈനയുടെ ഇതിനു മുമ്പുള്ള മികച്ച പ്രകടനം. 2013,2016 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പി.വി സിന്ധു മലേഷ്യന്‍ ഓപണില്‍ കിരീടം ചൂടിയിരുന്നു.