X
    Categories: MoreViews

ബാങ്കുവിളി വിവാദം; സൈഫ് അലിഖാന്റെ പ്രതികരണം

ഗായകന്‍ സോനുനിഗവുമായി ബന്ധപ്പെട്ടുള്ള ബാങ്കുവിളി വിവാദങ്ങളില്‍ ബോളിവുഡില്‍ നിന്നുള്ളവരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. കങ്കണയും പ്രിയങ്ക ചോപ്രയും പരാമര്‍ശത്തില്‍ അവരുടേതായ നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നു. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് സംഭവത്തില്‍ പരാമര്‍ശവുമായി സൈഫ് അലിഖാന്‍ എത്തുന്നത്. സോനുവിനെ തള്ളിക്കൊണ്ടോ പിന്തുണച്ചോ അല്ല സൈഫിന്റെ അഭിപ്രായം. അതേസമയം, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നതിനും എതിര്‍ക്കുന്നതിനും അദ്ദേഹം മുതിരുന്നില്ല. ശബ്ദത്തെ അംഗീകരിക്കുമ്പോള്‍ തന്നെ പരിധിവേണമെന്നും അദ്ദേഹം പറയുന്നു.

‘ഒരര്‍ത്ഥത്തില്‍ ശബ്ദത്തെ അംഗീകരിക്കുമ്പോള്‍ തന്നെ മതാചാരങ്ങള്‍ക്ക് ശബ്ദ പരിധി വേണം. ബാങ്കിന് ശബ്ദം കൂട്ടുന്നത് അരക്ഷിത ബോധത്തില്‍ നിന്നാണെന്നാണ് എനിക്ക് തോന്നുന്നത്. മൂന്ന് മതങ്ങള്‍ സഹവസിക്കുന്ന ഇസ്രാഈലിലും ഈ അവസ്ഥയുണ്ട്. ഒരു ന്യൂനപക്ഷമെന്ന നിലയില്‍ നിങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുമ്പോള്‍തന്നെ അതിന് ഇതര മതസ്ഥരില്‍ സ്വീകാര്യതയുണ്ടാക്കുകയും വേണം.’-സൈഫ് പറയുന്നു.

ഉച്ചത്തിലുള്ള ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയില്ലെന്നായിരുന്നു സോനുവിന്റെ ട്വീറ്റ്. പരാമര്‍ശം വിവാദമായതോടെ തലമൊട്ടയടിച്ചും സോനു എത്തിയിരുന്നു. ബാങ്കുവിളിക്കുന്നത് സോനുനിഗത്തിന്റെ വീട്ടിലേക്ക് കേള്‍ക്കുന്നില്ലെന്ന വാദവുമായി ബി.ബി.സി റിപ്പോര്‍ട്ടര്‍ രംഗത്തെത്തിയപ്പോള്‍ ബാങ്കുവിളിയുടെ വീഡിയോ ട്വീറ്റ് ചെയ്തും സോനു രംഗത്തെത്തി.

chandrika: