X
    Categories: indiaNews

ലഹരി മരുന്ന് കേസില്‍ മകള്‍ സാറയെ സഹായിക്കില്ലെന്ന നിലപാടില്‍ ഉറച്ച് സെയ്ഫ് അലി ഖാന്‍; മുന്‍ ഭാര്യയ്ക്ക് വിമര്‍ശനം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ മകള്‍ സാറ അലിഖാനെ സഹായിക്കില്ലെന്ന നിലപാടില്‍ സെയ്ഫ് അലി ഖാന്‍. വിഷയത്തില്‍ സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചുവെന്നും മുന്‍ ഭാര്യ അമൃത സിങ്ങിനെ കുറ്റപ്പെടുത്തിയെന്നുമാണ് വിവരം. സാറ ഉള്‍പ്പെടെ നാലു താരങ്ങളെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നടിമാരുടെ മൊഴി.

സാറ കേസില്‍ ഉള്‍പ്പെട്ടതില്‍ സെയ്ഫ് അലി ഖാനും പട്ടൗഡി കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാറയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന അമൃത സിങ്ങിനോട് സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സാറയുടെ മാതാവായ അമൃത സിങ്ങും മകള്‍ക്ക് പ്രത്യക്ഷമായി പിന്തുണ നല്‍കിയിട്ടില്ല.

സാറയുടെ കരിയറും സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അമൃത സിങ്ങായിരുന്നു. അതിനാല്‍, മകള്‍ മയക്കു മരുന്ന് ഇടപാടില്‍ സാറ ഉള്‍പ്പെട്ടതിന്റെ പേരില്‍ സെയ്ഫ് അലി ഖാന്‍ അമൃതയെ കുറ്റപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ സാറയെ സഹായിക്കേണ്ടെന്ന നിലപാടിലാണ് സെയ്ഫ് അലി ഖാന്‍. വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലാല്‍ സിംഗ് ചദ്ദയുടെ ഷൂട്ടിങ്ങിനായി ഡല്‍ഹിയിലേക്ക് തിരിച്ച കരീനക്കൊപ്പം സെയ്ഫും മാറി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന സെയ്ഫിന്റെ മാതാവ് ഷര്‍മിള ടാഗോറും ആരോപണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ മൊഴിയിലും വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവയിലും സാറയെ കുറിച്ചുള്ള സൂചന ഉണ്ടായിരുന്നു. അറസ്റ്റിലായ മയക്കുമരുന്ന് ഇടപാടുകാരെ ചോദ്യം ചെയ്തതിന് ശേഷമാണ് സാറ ഉള്‍പ്പെടെയുള്ള താരങ്ങളെ എന്‍.സി.ബി വിളിപ്പിച്ചത്.

 

chandrika: