കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക സായി ശ്വേത. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും പരാതി നല്‍കി.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ശ്രീജിത്ത് പെരുമന രംഗത്തെത്തി. സായി ശ്വേതയെ അപമാനിച്ചിട്ടില്ലെന്നും വിഷയം കൈകാര്യം ചെയ്തതിലെ തകരാര്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത് എന്നും ശ്രീജിത്ത് പെരുമന പറഞ്ഞു.
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞാണ് സായി ശ്വേത വൈറലായത്. ഇതിനുശേഷം പല പരിപാടികളിലും അതിഥിയായി സായി ശ്വേത പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ശ്രീജിത് പെരുമന സിനിമാ ഓഫറുമായി സമീപിപ്പിച്ചത്. ആലോചിച്ചശേഷം സിനിമയില്‍ തല്‍ക്കാലം അഭിനയിക്കുന്നില്ലെന്ന് മറുപടി നല്‍കി. ഇതില്‍ പ്രകോപിതനായാണ് ശ്രീജിത് പെരുമന സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ് സായി ശ്വേതയുടെ ആരോപണം.
ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പുറമേ വിവിധ സിനിമാ സംഘടനകള്‍ക്കും സായി ശ്വേത പരാതി നല്‍കിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.