ഹൈദരാബാദ്: കാന്‍സര്‍ ബാധിതയായ തന്നെ ചികിത്സിക്കാന്‍ വിമുഖത കാണിച്ച പിതാവിനോട് സോഷ്യല്‍മീഡിയയിലൂടെ ഉള്‍പ്പെടെ കരഞ്ഞപേക്ഷിച്ച ബാലിക മരണത്തിനു കീഴടങ്ങി. പതിമൂന്നുകാരിയായ സായ് ശ്രീയാണ് പിതാവിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ മരണത്തിനു കീഴടങ്ങിയത്. ‘ഡാഡി, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല എന്നു പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്കിലും മറ്റും സായി സെല്‍ഫി വീഡിയോ പോസ്റ്റു ചെയ്തത്. സംഭവം വൈറലായെങ്കിലും സഹായം നല്‍കാന്‍ പിതാവ് തയാറായില്ല. ചില സുമനസ്സുകള്‍ രംഗത്തുവന്നെങ്കിലും സഹായത്തിനു കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സായിയുടെ പിതാവ് ശിവകുമാറും മാതാവ് സുമശ്രീയും രണ്ടു വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. അമ്മക്കൊപ്പമാണ് സായി കഴിഞ്ഞിരുന്നത്. എന്നാല്‍ ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ അമ്മക്കു സാധിക്കാതെ വന്നതോടെയാണ് സായി അച്ഛന്റെ സഹായം തേടിയത്. കരഞ്ഞപേക്ഷിച്ചെങ്കിലും സായിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അച്ഛന്‍ തയാറായില്ല. ഇതോടെ വീട് വില്‍ക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും എം.എല്‍.എയെ ഉപയോഗിച്ച് അച്ഛന്‍ അത് തടഞ്ഞു. ഡാഡി, ഡാഡിയുടെ കൈയില്‍ പണമില്ലെങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ സമ്മതിക്കണം. സ്ഥലം വിറ്റ് എന്നെ ചികിത്സിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുക്കാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ സ്‌കൂളില്‍ പോകും. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. അമ്മയുടെ കൈയില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിച്ചാല്‍ മതി. കരളലിയിപ്പിക്കുന്ന, കണ്ണുനിറക്കുന്ന ഈ വാക്കുകള്‍ പക്ഷേ ശിവകുമാര്‍ കേള്‍ക്കാന്‍ തയാറായില്ല. സായിയുടെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പണമുണ്ടായിട്ടും സ്വന്തം മകളെ ചികിത്സിക്കാന്‍ തയാറാകാതിരുന്ന ശിവകുമാറിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസും കേസെടുത്തിട്ടുണ്ട്.
Watch video: