സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയിൽ പറഞ്ഞു.ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്.
1948-ൽ ബീഹാറിലെ അരാരിയയിൽ ജനിച്ച സുബ്രത റോയി സഹാറ ഇന്ത്യ പരിവാർ 1978-ലാണ് ആരംഭിച്ചത്. കേവലം 2000 രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായി മാറി. പിന്നീട് ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടർന്ന്, 1990-കളിൽ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടർന്ന് കമ്പനി നിരവധി പ്രതിസന്ധികൾ നേരിട്ടു.