ഹാജി എ.കെ. സുല്‍ത്താന്‍
ത്യാഗവും സഹനവും സഹിഷ്ണതയും സമര്‍പ്പണവുമായി മാനവകുലത്തെ പ്രകാശപൂരിതമാക്കിയ ഹസ്രത്ത് ഇബ്രാഹിംനബി (അ) ന്റെയും മകന്‍ ഇസ്മായില്‍നബി (അ) ന്റെയും സ്മരണകളുമായി ഒരിക്കല്‍കൂടി ബക്രീദ് ബ്രലിപെരുന്നാള്‍ ) വരവായി. ഇസ്ലാം എന്നാല്‍ സമര്‍പ്പണമാണ്. സൃഷ്ടി കര്‍ത്താവായ അല്ലാഹുവിനുള്ള സമര്‍പ്പണം. പൂര്‍ണ്ണമായും സമര്‍പ്പണ ചിന്തയില്‍ അധിഷ്ഠിതമായി ജീവിത ശൈലി കൊണ്ട് നടക്കുന്നവരാണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍. ഏത് മാളത്തില്‍ ഒളിച്ചിരുന്നാലും മരണം പിടികൂടുമെന്നും നന്മ-തിന്മകളെക്കുറിച്ച് ചോദ്യമുണ്ട് , ശിക്ഷയുണ്ട് , സ്വര്‍ഗമുണ്ട്, നരകമുണ്ട് എന്ന അടിയുറച്ച വിശ്വാസം. നബി തിരുമേനി അനുചരന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഇസ്ലാമിന്റെ അഞ്ചു സ്തൂ ബങ്ങളില്‍ ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. ഭൂമിയുടെ മധ്യഭാഗത്തായി മക്കയില്‍ സൂര്യന്റെ നേര്‍ താഴ്ഭാഗത്ത് മാലാഖമാരാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ ആദ്യത്തെ ആരാധനാലയമാണ് വിശുദ്ധ കഹബാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ പ്രളയത്തോടനുബന്ധിച്ച് അതിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയ അല്ലാഹുവിന്റെ കല്പനപ്രകാരം നടത്തിയത് ഇബ്രാഹിംനബി (അ) ഉം മകന്‍ ഇസ്മായില്‍ നബി (അ) യും കൂടിയാണ്. ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്രാഹിം നബി (അ) ന്റെ കാലത്ത് കെട്ടി പൂര്‍ത്തിയാക്കിയ ലോകത്തെ ആദ്യത്തെ ആരാധനാലയമായ കഹബാലയത്തില്‍ നാളിതു വരെ കോടിക്കണക്കിന് വിശ്വാസികള്‍ ശിരസ്സ് നമിച്ച് സൃഷ്ടി കര്‍ത്താവിന് സുജൂദ് ചെയ്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രത്യേകത വേറെ ഒരു ആരാധനാലയത്തിനും ഇല്ലാ എന്നതാണ്.
പ്രപഞ്ചനാഥന്‍ സൃഷ്ടിച്ച ലോകത്ത് കാണപ്പെട്ട വലിയ നക്ഷത്രമായ സൂര്യനു ചുറ്റും ഇതു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്ക് കറങ്ങുന്നതിന്റെ നേര്‍ താഴ്ഭാഗത്തുള്ള ഭൂമിയിലെ ഏറ്റവും സവിശേഷവും ആദ്യത്തെ ആരാധനാലയവുമായ ക അബക്ക് ചുറ്റും ലോക മുസ്ലീങ്ങള്‍ തവാഫ് അഥവാ പ്രദക്ഷിണം ചെയ്യുന്നതും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ്. (ആന്റി ക്ലോക്ക് വൈസ് ) . അല്ലാഹുവിന്റെ കല്പനപ്രകാരം നബിതിരുമേനി പ്രഖ്യാപിച്ചതനുസരിച്ച് തുടര്‍ച്ചയായി ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ഇബ്രാഹിം നബി (അ) യുടെ കാല്‍ പാദസ്പര്‍ശനമേറ്റ പുണ്യസ്ഥലത്ത് രണ്ടു റക്കഹത്ത് നമസ്‌ക്കാരം കൂടി പൂര്‍ത്തിയാക്കി സംസം വെള്ളം കുടിച്ച് തൃപ്തി അടയലാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ആദ്യ നടപടി. പിന്നീട് രണ്ടു മലകള്‍ക്കിടയില്‍ സ്ര ഫാ -മര്‍വാ ) ഏഴ് പ്രാവശ്യത്തെ നടത്തം പൂര്‍ത്തിയാക്കി രണ്ട് റക്കഹത്ത് നമസ്‌ക്കരിച്ച് മുടികളഞ്ഞ് ഉംറ നിര്‍വ്വഹിക്കുന്നതോടെ രണ്ടാമത്തെ നടപടിയും പൂര്‍ത്തിയാക്കുന്നു. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സവിശേഷ ദിവസങ്ങള്‍ . ദുല്‍ഹജ്ജ് 9 നാണ് അറഫാ സംഗമം. മിനായിലെ താമസം, മുസ്തലിഫയിലെ രാപ്പാര്‍ക്കല്‍, ജംറയില്‍ കല്ലെറിയല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കുശേഷം കഅബാലയത്തില്‍ വന്ന് സമാപന പ്രദക്ഷിണം വെച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് മുടികളയുന്ന തോടെയാണ് പരിശുദ്ധഹജ്ജ് കര്‍മ്മം പൂര്‍ത്തിയാകുന്നത്.
ഹജ്ജ് എന്നാല്‍ ഒരര്‍ത്ഥത്തില്‍ സന്ധിപ്പ് എന്നാണ്. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന അഥവാ അതിനെ സമീപിക്കരുതെന്ന ദൈവകല്പനയെ ലംഘിച്ചുകൊണ്ട് പിശാചിന്റെ കുതന്ത്രത്തില്‍ പെട്ട് പഴം കഴിച്ചതിന്റെ പേരില്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദം നബി (അ)യുടേയും ഇണയായ ഹവ്വാ ബീവിയുടേയും പുന:സമാഗമവു. അതിന്റെ ചരിത്രവും മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും വിശ്വാസത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയേയുള്ളു. അതുകൊണ്ടാണ് നബി തിരുമേനി അസന്നിഗ്ദമായി പ്രഖ്യാപിച്ചത് ഹജ്ജ് എന്നാല്‍ അറഫയാണെന്ന്. ദുല്‍ഹജ്ജ് മാസം ഒമ്പതിന് മക്കയിലെ അറഫയിലാണ് ആദ്യ പിതാവും ഹവ്വാ ബീവിയും പുന: സംഗമം നടന്നത്. മനുഷ്യമനസ്സുകളില്‍ കടന്നുകൂടുന്ന ദുര്‍ഗുണങ്ങളായ അസൂയ, വൈരാഗ്യം , അഹങ്കാരം, വിദ്വേഷം തുടങ്ങിയവയെ ആട്ടി അകററി പിശാചിന്റെ വഴിയില്‍ പെട്ട് ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ മുമ്പില്‍ മാപ്പിരന്ന് പശ്ചാത്തപിച്ച് ഭൂമിയില്‍ ഇപ്പോള്‍ പിറന്ന കുഞ്ഞിനെപ്പോലെ സംശുദ്ധമായ മനസ്സിന്റെ ഉടമകളായിട്ടാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചു വരുന്ന ഓരോ വിശ്വാസിയും . അവരുടെ പിന്നീടുള്ള എല്ലാ പ്രവര്‍ത്തികളും അതീവ സൂക്ഷ്മതയോടെ ആയിരിക്കണമെന്നും ഇസ്ലാം കല്പിക്കുന്നു. പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ണ്ണതയോടെ നിര്‍വ്വഹിച്ചവര്‍ക്ക് അഥവാ സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലം മറ്റൊന്നില്ലെന്നാണ് നബി തിരുമേനി പ്രഖ്യാപിച്ചിട്ടുള്ളത്. ജീവിതത്തിന്റെ അവസാന കാലത്ത് ചെയ്യേണ്ട കര്‍മ്മമല്ല പരിശുദ്ധ ഹജ്ജ് . ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യം ലഭ്യമാകുമെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യേണ്ട കര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് . കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .
(കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമാണ് ലേഖകന്‍.)