ഹാരിസ് മടവൂര്‍
അവകാശ സംരക്ഷണ പോരാട്ടത്തിലെ പുതുചരിതമായി മാറിയ വഖഫ് സംരക്ഷണ റാലി മുസ്‌ലിംലീഗിന്റെ സംഘടനാ സംവിധാനത്തിന്റെ കരുത്തും ചൈതന്യവും ജനാധിപത്യ കേരളത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അടിവരയിട്ടതുപോലെ കര്‍ഷക സമരം ഒഴിച്ചു നിര്‍ത്തിയാല്‍ കോവിഡാനന്തര കാലത്ത് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ ജനക്കൂട്ടമാണ് ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് ഒരുമിച്ചു കൂടിയത്. കേവലം നാലു ദിവസത്തെ മാത്രം ഇടവേളയില്‍ ഒരുക്കിയ പരിപാടിയിലെത്തിച്ചേര്‍ന്ന ജനക്കൂട്ടത്തെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം അല്‍ഭുതത്തോടെ വിലയിരുത്തിയിരിക്കുന്നത്. സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ മുസ്‌ലിം ലീഗിനു മാത്രമേ സാധ്യമാവൂ എന്ന ജനതയുടെ പ്രഖ്യാപനമായിരുന്നു ഈ മനുഷ്യ മഹാ സാഗരം. ധ്രുവീകരണം സൃഷ്ടിച്ച് അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തിക്കളയാമെന്ന ഭരണകൂടത്തിന്റെ വ്യാമോഹത്തിനുള്ള തിരിച്ചടിയും റാലി നല്‍കിയിരിക്കുന്നു.
മുസ്‌ലിംലീഗിന്റെ പോരാട്ടം കൊള്ളേണ്ടിടത്തു കൊണ്ടുഎന്നതാണ് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഡി.വൈ.എഫ് ഐയുടെയുമെല്ലാം പ്രതികരണങ്ങളില്‍ നിന്ന് ബോധ്യമാകുന്നത്. സാധാരണ ഗതിയില്‍ എതിരാളികളുടെ വിമര്‍ശനങ്ങളെ അവഗണിച്ചു തള്ളുക എന്നതാണ് സി.പി.എമ്മിന്റെ സംഘടനാ സമീപനം. എന്നാല്‍ അതിനവര്‍ക്കു സാധിക്കാത്തത്രയും ഉജ്വലമായിരുന്നു മുസ്‌ലിംലീഗ് റാലിയെന്നതാണ് വസ്തുത. അതോടൊപ്പം അധികാരം കൈയ്യാളുന്ന ഘട്ടങ്ങളിലെല്ലം ന്യനപക്ഷങ്ങളോട് കാണിക്കുന്ന ഇരട്ടത്താപ്പ് മുസ്‌ലിം ലീഗ് തുറന്നു കാട്ടിയിരിക്കുന്നു എന്ന ജാള്യതയും ഈ പ്രതികരണങ്ങള്‍ക്കു പിന്നിലുണ്ട്. വഖഫ് നിയമനം പി.എസ്.സിക്കു വിട്ടുകൊണ്ടുള്ള ബില്ലിന്‍മേലുള്ള ചര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകാതിരുന്ന സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തതിനു ശേഷം സാമുദായിക സംഘടനാ നേതാക്കള്‍ക്കു നല്‍കുന്ന ഉറപ്പിനു പിന്നിലെ കാപട്യം മുസ്‌ലിം ലീഗ് തുറന്നു കാട്ടിയതും അത് സമുദായത്തിനു ബോധ്യപ്പെട്ടതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ അസ്വസ്ഥമാക്കിയിരിക്കുന്നത്. ആ ബോധ്യമാണ് പ്രാദേശിക തലങ്ങളില്‍ മുസ്‌ലിം കോര്‍ഡിനേഷനുകളുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ കൂടുതല്‍ ചടുലമാക്കിക്കൊണ്ടിരിക്കുന്നതിനു പിന്നിലും.
മുസ്‌ലിം ലീഗ് സാമുദായിക സംഘടനയാണോ രാഷ്ട്രീയപ്പാര്‍ട്ടിയാണോ എന്ന സംശയം ഈ റാലി മുഖ്യമന്ത്രി പിണറായി വിജയനില്‍ ജനിപ്പിച്ചിരിക്കുകയാണ്. ഈ സംശയം രണ്ടു തവണ കേരള മുഖ്യമന്ത്രിയും അതിലും കൂടുതല്‍ തവണ പാര്‍ട്ടി സെക്രട്ടറിയുമായ ഒരാളില്‍ ഇക്കാലമത്രയും അവശേഷിച്ചിരുന്നുവെന്നത് ഒരു രാഷ്ട്രീയ കൗതുകമായിട്ടു വേണം വിലയിരുത്താന്‍. ന്യൂനപക്ഷ അവകാശ സംരക്ഷണമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ മേല്‍ സ്ഥാപിതമാവുകയും അതിന്റെ പ്രായോഗികത പലഘട്ടങ്ങളിലും പ്രവൃത്തി പദത്തിലൂടെ തെളിയിക്കുകയും ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ ഇടം എന്താണെന്നു ലോകത്തിനു തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കയും ചെയ്ത മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനുമേല്‍ മുഖ്യമന്ത്രിക്ക് ഉടലെടുത്ത സംശയം യാദൃശ്ചികമല്ല. മടിയില്‍ കനമുള്ളവന്റെ വഴിയിലെ ഭയമാണത്. ആയിരത്താണ്ട് നവാബുമാര്‍ ഭരിച്ച ബംഗാളിനെ രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകളുടെ ദേശങ്ങളിലൊന്ന് എന്ന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശേഷണത്തിലേക്ക് എത്തിക്കുന്നതില്‍ സി.പി.എമ്മിനുള്ള പങ്ക് അവിതര്‍ക്കിതമാണ്. ജ്യോതിബസുവും ബുദ്ധദേവ് ബട്ടാചാര്യയുമുള്‍പ്പെടുന്ന അക്കാലത്തെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ തുടര്‍ ഭരണംകൊണ്ടുണ്ടായ ഈ നേട്ടം ഇന്നത്തെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ കേരളത്തിലും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ വഖഫ് ബോര്‍ഡിലെത്തി നില്‍ക്കുന്ന ആ നീക്കത്തിന് എക്കാലവും തടസമായി നിന്നത് മുസ്‌ലിം ലീഗാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ വെച്ചു പുലര്‍ത്തുമ്പോഴും പൊതുപ്ലാറ്റ്‌ഫോമായി മുഖ്യധാരാ സമുദായ സംഘടനകളെല്ലാം എക്കാലവും കണ്ടിട്ടുള്ളത് മുസ്‌ലിം ലീഗിനെയാണ്. ഈ പ്ലാറ്റ് ഫോം പൊളിക്കാന്‍ സി.പി.എം ഒളിഞ്ഞും തെളിഞ്ഞും പലരേയും കൂട്ടുപിടിച്ച് പലശ്രമങ്ങള്‍ നടത്തിനോക്കിയിട്ടുണ്ടെങ്കിലും അതൊന്നും വിലപ്പോയിട്ടില്ലെന്നു മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് എല്ലാ സമുദായ സംഘടനകളും കൂടുതല്‍ ഗൗരവത്തോടെ ഉള്‍ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സമുദായത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും മുസ്‌ലിംലീഗ് വിളിക്കുമ്പോള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് അവരെല്ലാം ഓടിയെത്താറുള്ളത്. വഖഫ് വിഷയത്തിലും ഈ പതിവിന് ഒരു മാറ്റവുമുണ്ടായില്ല.
എന്നാല്‍ തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിനാല്‍ ലീഗിന്റെ വിളികേള്‍ക്കാന്‍ സമുദായ സംഘടനകള്‍ രണ്ടാമതൊന്നാലോചിച്ചേക്കാമെന്ന മനക്കോട്ടയിലായിരുന്നു സി.പി.എം. അതു പരീക്ഷിക്കാനുള്ള ടെസ്റ്റ്‌ഡോസായിരുന്നു സമുദായത്തിലെ ഒരു വിഭാഗവും താല്‍പര്യപ്പെടാത്ത ഈ വഖഫ് കൈയ്യേറ്റം. കമ്യൂണസത്തിന്റെ ചരിത്രം നന്നായറിയുന്ന, ആഗോളതലത്തില്‍ തന്നെ മതവിശ്വാസികളോട് ആ പ്രത്യയ ശാസത്രം ചെയതുകൂട്ടിയ കൊടും ചതികള്‍ മനസിലാക്കിയ കേരളത്തിലെ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി മുസ്‌ലിം ലീഗിനൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. മുസ്‌ലിം ലീഗ് ഒരുക്കിയ കൂട്ടായ്മയില്‍ മുഴുവന്‍ നേതാക്കളും ഒരുമിച്ചിരുന്നു എന്ന് മാത്രമല്ല തങ്ങളുടെ രാഷ്ട്രീയം ഉറക്കെ പ്രകടമാക്കിക്കൊണ്ട് സമുദായം ഒന്നടങ്കം മുസ്‌ലിംലീഗിന്റെ മഹാറാലിയില്‍ അണിനിരക്കുകയും ചെയ്തു. നായകനെ തകര്‍ത്ത് സൈന്യത്തെ തുരത്തുക എന്ന യുദ്ധ തന്ത്രം ഇവിടെ പരാജയപ്പെട്ടിരിക്കുകയാണ്. സമുദായത്തിന്റെ നായകസ്ഥാനത്ത് മുസ്‌ലിംലീഗ് തന്നെയാണെന്ന ഒരു ജനതയുടെ പ്രഖ്യാപനം എന്ന നിലയിലാണ് കഴിഞ്ഞ ദിവസത്തെ മുസ്‌ലിംലീഗിന്റെ റാലി രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. സംഘശക്തിയുടെ വിജയമാണിത്.