X

ജൈവവൈവിധ്യവും ഭൂമിയുടെ നിലനില്‍പും

ലോക ജൈവവൈവിധ്യ ദിനമാണിന്ന്. ജൈവ വൈവിധ്യം ജീവനാണ്. ജൈവ വൈവിധ്യം തന്നെയാണ് ഭാവി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജൈവവൈവിധ്യ ദശകം ആചരിക്കുന്നത്. വൈവിധ്യം നിറഞ്ഞ ഭൂമിയുടെ ജൈവ സമ്പത്ത് നശിക്കാതെ കാത്തുസൂക്ഷിച്ചേ മതിയാകൂ. നാം അധിവസിക്കുന്ന ലോകം ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. എന്നാല്‍ പതിറ്റാണ്ടുകളായി മനുഷ്യന്റെ ഇടപെടലുകള്‍ ഈ സമ്പത്തിനെ ചൂഷണം ചെയ്യുകയും ജീവജാലങ്ങളെ ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജൈവ വൈവിധ്യം നശിക്കുന്നതോടെ കാലാന്തരത്തില്‍ ഭൂമിയും ഇല്ലാതാവും എന്നു പറയാം. ഓരോ ജീവി വര്‍ഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പ് പലതരം ജീവജാതികളുമായി കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു.
ഭൂമിയില്‍ ഇന്നു കാണപ്പെടുന്ന ജനിതക വസ്തുക്കളും ജീവജാല ഗണങ്ങളും പരിസ്ഥിതി വ്യവസ്ഥകളും ഉദ്ദേശം മൂന്ന് ദശ ലക്ഷം വര്‍ഷങ്ങളിലൂടെയുണ്ടായ പരിണാമ പ്രവര്‍ത്തി മൂലം ഉളവായതാണ്. ജൈവ മണ്ഡലത്തിലുള്ള സര്‍വ ജീവജാലങ്ങളിലും ദൃശ്യമാകുന്ന അവര്‍ണനീയ വൈവിധ്യത്തെയാണ് ജൈവ വൈവിധ്യം എന്ന പദം അര്‍ത്ഥമാക്കുന്നത്. ജീവജാലങ്ങളുടെ വൈവിധ്യം മനുഷ്യരാശിയുടെ നിലനില്‍പിന് അനിവാര്യമായ ഘടകമാണ്. ഓരോ ജീവിവര്‍ഗവും അതിന്റെ ജീവിതം ഏറ്റവും നല്ല നിലയില്‍ നിലനില്‍ത്താന്‍ കണ്ടെത്തുന്ന ആവാസ സ്ഥാനങ്ങളും വ്യത്യസ്തമാണ്. ഇങ്ങനെ ജീവിവര്‍ഗങ്ങള്‍ക്കിടയിലും അവയുടെ ജനിതക ഘടനയിലും ആവാസ വ്യവസ്ഥകളിലും കണ്ടുവരുന്ന സജാത്യ-വൈജാത്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പദമാണ് ജൈവ വൈവിധ്യം. ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും ബുദ്ധി കൂടിയവര്‍ എന്നു കരുതുന്ന മനുഷ്യരും ജന്തുക്കളും പക്ഷികളും പ്രാണികളും വായുവും വെള്ളവും കടലും മരങ്ങളും എല്ലാം ചേര്‍ന്ന ജീവലോകത്തിന്റെ സമഗ്രതയാണ് ജൈവ വൈവിധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്യുന്നതങ്ങളിലെ പര്‍വത ശിഖരങ്ങള്‍ മുതല്‍ സമുദ്രാന്തര്‍ഭാഗത്തെ ആല്‍ഗകള്‍ വരെ ജൈവ വൈവിധ്യത്തിന്റെ ഭാഗമാണ്. ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം മുതല്‍ ഒരു മില്ലി മീറ്ററിന്റെ പത്തു ലക്ഷത്തിലൊന്നോളം മാത്രം വലിപ്പമുള്ള മൈക്കോ പ്ലാസ്മ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ഭൂമണ്ഡലത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കുന്ന ജൈവ വൈവിധ്യം അനേകം വര്‍ഷം നീണ്ട പ്രക്രിയകളിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ്. ഓരോന്നിനും സംഭവിക്കുന്ന മാറ്റങ്ങളും ശോഷണവും ജീവജാല സമ്പത്തില്‍ ഉണ്ടാകുന്ന കുറവും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും മാറ്റം സംഭവിക്കുകയും ചെയ്യുന്നു. പുനരുത്ഭവിപ്പിക്കാവുന്ന ജൈവ സമ്പത്ത് കരുതലോടെ ഉപയോഗിക്കുന്ന പക്ഷം അത് മനുഷ്യരാശിയെ എന്നെന്നും നിലനിര്‍ത്താനുപകരിക്കും എന്നതിനാല്‍ ജൈവസമ്പത്തും അതിന്റെ നിലനില്‍പിനെ സഹായിക്കുന്ന ജൈവ വൈവിധ്യവും സുസ്ഥിര വികസന പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങളാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് ജൈവ വൈവിധ്യസംരക്ഷണം എന്ന ആശയം ഉടലെടുത്തത്.
ജൈവ വൈവിധ്യത്തെ അധികരിച്ചുള്ള പഠനങ്ങള്‍ക്ക് പ്രചാരം ലഭിച്ചത് 1990കളിലാണ്. അനേകം സസ്യങ്ങളും ജന്തുക്കളും എന്നന്നേക്കുമായി ഭൂമിയില്‍ നിന്ന് നശിച്ചുപോയെന്നും ആവാസ വ്യവസ്ഥാനാശം ഉള്‍പ്പെടെ മനുഷ്യജന്യ കാരണങ്ങളാല്‍ ഒട്ടേറെ ജീവജാലങ്ങള്‍ ആ പട്ടികയില്‍ ഉള്‍പ്പെടാന്‍ തയ്യാറെടുക്കുകയാണെന്നും 20-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ ബോധ്യമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ലോക ജനതയുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയം ജൈവ വൈവിധ്യ സംരക്ഷണം ആണെന്നും അതു നടപ്പാക്കാത്തപക്ഷം മനുഷ്യജാതിയുടെ നിലനില്‍പു തന്നെ അപകടത്തിലായിത്തീരുമെന്നും ശാസ്ത്ര ലോകം മനസ്സിലാക്കി. ഈ വിഷയത്തെക്കുറിച്ച് ഏറെ ഗവേഷണം നടത്തിയ എഡ്വേഡ് ഒ. വില്‍സണ്‍ (ഇ.ഒ.വില്‍സണ്‍) എന്ന യു.എസ്. വന്യജീവി ശാസ്ത്രജ്ഞന്‍ 1988-ല്‍ ലോകത്തിന് സമ്മാനിച്ച പദമാണ് ജൈവവൈവിധ്യം. 1960 കളില്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജീവശാസ്ത്രജ്ഞനായ റെയ്മണ്ട് എഫ്. ഡാസ്മാന്‍ ആണ്. ഇവരുടെ പഠനങ്ങളുടെ ഫലമായി ജൈവ വൈവിധ്യത്തിനുണ്ടായിക്കൊണ്ടിരുന്ന നാശത്തെച്ചൊല്ലിയുള്ള ഉത്കണ്ഠകളുടെയും ഫലമായി ഐക്യരാഷ്ട്ര സംഘടനയിലെ 179 അംഗരാജ്യങ്ങള്‍ ജൈവ വൈവിധ്യ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും ഒരു കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ആവാസ വ്യവസ്ഥകള്‍, ജീവരൂപങ്ങള്‍ ഇവക്കു രണ്ടിനും നേരിടേണ്ടി വരുന്ന ഭീഷണികള്‍, അവയെ സംരക്ഷിക്കാനുള്ള ഉപായങ്ങള്‍ തുടങ്ങിയ സംഗതികള്‍ സമഗ്രമായി വിശകലനം ചെയ്യാന്‍ അത് ലോക രാഷ്ട്രങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. പ്രസ്തുത പഠന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങളെയും സ്ഥാപനങ്ങളെയും സാമ്പത്തികമായും ശാസ്ത്രീയമായും സഹായിക്കാന്‍ ആഗോള പരിസ്ഥിതി സുരക്ഷാ സംവിധാനം എന്ന സഹായനിധി നിലകൊള്ളുന്നു.
1992-ല്‍ ബ്രസീലിലെ റിയോഡീ ജനിറോയില്‍ നടന്ന ഐക്യരാഷ്ട്ര പരിസ്ഥിതി-വികസന സമ്മേളനം അഥമ ഭൗമ ഉച്ചകോടിയില്‍ ഇതിന്റെ കരടുരൂപം അവതരിപ്പിക്കപ്പെട്ടു. ജൈവ വൈവിധ്യ സംരക്ഷണം, ജൈവ വൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗവും വികസനവും ലോകരാജ്യങ്ങള്‍ തമ്മില്‍ ജനിതക സ്രോതസ്സുകളില്‍ നിന്നുള്ള ന്യായ യുക്തമായ പങ്കിടലും സാങ്കേതിക വിദ്യാ കൈമാറ്റവും എന്നിങ്ങനെ മൂന്നു ലക്ഷ്യങ്ങളുമായി ഈ ഉടമ്പടി 1993 ഡിസംബര്‍ 29 ന് യു.എന്‍ അംഗീകരിച്ചു. ഇതിന്റെ ഓര്‍മ്മക്കായി അന്നു മുതല്‍ 2000 വരെ ഡിസംബര്‍ 29 രാജ്യാന്തര ജൈവ വൈവിധ്യ ദിനമെന്ന പേരില്‍ ആചരിച്ചു വന്നു. 2000 ഡിസംബറില്‍ ഇത് മെയ് 22 ലേക്കു മാറ്റി. അന്താരാഷ്ട്ര ജൈവ വൈവിധ്യ കരാറിന്റെ തത്വങ്ങളും നിബന്ധനകളും 1992 മേയ് 22-ന് നയ്‌റോബി സമ്മേളനം അംഗീകരിച്ചതിന്റെ വാര്‍ഷികാചരണം എന്ന നിലയിലായിരുന്നു ഈ മാറ്റം സംഭവിച്ചത്. ജൈവ വൈവിധ്യ കലവറക്കുണ്ടാകുന്ന ശോഷണവും നാശവുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയത്തെക്കുറിച്ചുള്ള 15-ാമത് അന്താരാഷ്ട്ര ഉന്നതതല സമ്മേളനം 2015 മെയ് അവസാനം ഗ്രീസിലെ ഏതന്‍സില്‍ നടക്കാനിരിക്കുകയാണ്. സൗരയൂഥത്തിലെ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹമായ ഭൂമി ഇന്ന് ദുരയൊടുങ്ങാത്ത മാനുഷിക ചെയ്തികള്‍മൂലം വിഷലിപ്തമാവുകയും വലിയ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. മാരക രാസവസ്തുക്കള്‍, വിഷവാതകങ്ങള്‍, വികിരണങ്ങള്‍, ഖരമാലിന്യങ്ങള്‍ തുടങ്ങിയവ മണ്ണിനെയും ജലത്തെയും മാത്രമല്ല ആകാശത്തെയും സമസ്ത ജീവജാലങ്ങളെയും ആവോളം ദുഷിപ്പിച്ചിരിക്കുന്നു. ഗ്രീസില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ച ഏറെ പ്രസക്തിയുള്ളതും ഇന്ത്യയുടെ ശബ്ദം ഏവരും ഉറ്റുനോക്കുന്നതും ആണ്.
ജൈവ സമ്പത്തിന്റെ കലവറയായി ഉഷ്ണമേഖല അിറയപ്പെടുന്നു. അതില്‍ തന്നെ ഏറെ ജൈവ സമ്പത്ത് തെക്കേ അമേരിക്കന്‍ ഭൂപ്രദേശത്താണ് (ഉദാ: ആമസോണ്‍ പ്രദേശം). രണ്ടാം സ്ഥാനം ഏഷ്യക്കാണ്. ആഫ്രിക്കക്ക് മൂന്നാം സ്ഥാനവും. വിവിധ ഭൂപ്രദേശങ്ങള്‍ (ഉദാ: ഉഷ്ണമേഖല, മിത ശിതോഷ്ണമേഖല, മരുഭൂമികള്‍) ഉള്‍ക്കൊള്ളുന്ന ഭാരതം ജൈവ വൈവിധ്യ സമുച്ചയമാണ്. പ്രകൃതിദത്തമായവ മാത്രമല്ല, മനുഷ്യന്റെ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടതും മറ്റാവശ്യത്തിന് പരീക്ഷണശാലകളില്‍ ഉത്പാദിപ്പിക്കുന്നതുമായ സങ്കരയിനങ്ങളും ജനിതക സഞ്ചയത്തിന്റെ കാര്യത്തില്‍ മനുഷ്യന് ഏതെങ്കിലും വിധത്തില്‍ ഉപയോഗ യോഗ്യമായതിനാല്‍ അവയുടെ എല്ലാം സംരക്ഷണത്തിന് ഊന്നല്‍ നല്‍കാനുതകുംവിധം ജൈവവൈവിധ്യം സമ്പുഷ്ടമാണ്.
ലോകത്തിലെ 23 ജൈവവൈവിധ്യ അരക്ഷിത പ്രദേശങ്ങളില്‍ അതീവ പ്രാധാന്യമുള്ള പത്തെണ്ണത്തില്‍പ്പെട്ടതാണ് പശ്ചിമഘട്ടം. 1988-ല്‍ പശ്ചിമഘട്ടം പാരിസ്ഥിതിക അരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിലെ അഞ്ചു ശതമാനം ഭൂമി മാത്രമാണ് സഹ്യാദ്രി ഉള്‍ക്കൊള്ളുന്നതെങ്കിലും 27 ശതമാനം സസ്യലതാദികളുടെ വൈവിധ്യം ഇവിടെയാണുള്ളത്. ഇന്ത്യയില്‍ കണ്ടുവരുന്ന 15,000 ഇനം സസ്യങ്ങളില്‍ 4000 വും പശ്ചിമഘട്ടത്തിലുണ്ട്. ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയാത്ത 1600 ഓളം പുഷ്പിത സസ്യങ്ങളും 16 തരം ഉഭയജീവികളും ഇവിടെയുണ്ട്. ഇന്ത്യയിലെ ബൃഹത്തായ നദിപ്രവാഹത്തിന്റെയും നീരൊഴുക്കിന്റെയും 40 ശതമാനം ഉദ്ഭവിക്കുന്നതും പശ്ചിമസാനുക്കളില്‍ നിന്നുതന്നെ. ശരാശരി 1200 മീറ്റര്‍ (3,900 അടി) ഉയരമാണ് സഹ്യപര്‍വത നിരകള്‍ക്കുള്ളത്. വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വവുമായ നിരവധി ഇഴജന്തുക്കളുടെയും സസ്തനികളുടെയും ആവാസകേന്ദ്രമാണിത്. സൈലന്റ്‌വാലിയില്‍ മാത്രം കണ്ടുവരുന്നവയാണ് സിംഹവാലന്‍ കുരങ്ങുകളും മരനായയും.
നിത്യഹരിത വനങ്ങളുടെ സാന്നിധ്യം എടുത്തുപറയേണ്ട ഒരു പ്രദേശമാണ് പശ്ചിമഘട്ടം 45 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങളെ ഇവിടെ കാണാം. ഫേണുകള്‍, പന്നല്‍ച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവയുടെ നിരവധി വന്യ ഇനങ്ങള്‍ ഇവിടെ വളരുന്നുണ്ട്. ചൂരല്‍, മുളകള്‍ എന്നിവയും പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും പശ്ചിമഘട്ടത്തിലാണുള്ളത്. 5000 ത്തില്‍പ്പരം പുഷ്പിത സസ്യങ്ങളും 239 സസ്തനികളും 508 ഇനം പക്ഷിവര്‍ഗങ്ങളും 179 ഉഭയജീവികളും പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ഇവയില്‍ ഭീഷണി നേരിടുന്ന 325 ഇനങ്ങള്‍ ഉണ്ടെന്നറിയുമ്പോഴാണ് സഹ്യാദ്രിയുടെ ജൈവ വൈവിധ്യം ബോധ്യപ്പെടുകയുള്ളൂ. വേഴാമ്പല്‍, മുളതത്ത, കാട്ടുഞ്ഞാലി, ചെറുതേന്‍ കിളി, ബുള്‍ബുള്‍, ചാരത്തലയന്‍, പച്ചപ്രാവ്, കാട്ടുപ്രാവ്, ചൂളകാക്ക, മീന്‍കൊത്തി, പഞ്ചവര്‍ണക്കിളി എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പക്ഷികള്‍. കടുവ, ആന, പുലി, ചീറ്റ, കാട്ടുപോത്ത്, പാനി കരടി, കാട്ടുനായ, ഹനുമാന്‍ കുരങ്ങ്, കരിങ്കുരങ്ങ്, മ്ലാവ്, കേഴമാന്‍, കാട്ടുപൂച്ച, മലയണ്ണാന്‍, വെരുക്, പാറാന്‍, മുയല്‍ എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന സസ്തനികള്‍. ഗരുഡശലഭം, കൃഷ്ണശലഭം, നാട്ടുറോസ്, ചുട്ടിമയൂരി, പോഴാളന്‍, പൊട്ടുവെള്ളാട്ടി തുടങ്ങിയ കലഭ വൈവിധ്യം കൊണ്ട് അനുഗൃഹീതമാണീ മലനിരകള്‍. ലോക പൈതൃക ഭൂപടത്തില്‍ അപൂര്‍വ്വ സ്ഥാനമാണ് പശ്ചിമഘട്ടത്തിനുള്ളത്.

chandrika: