ദമ്മാം: പ്രവാസ ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന രീതികളിലുടെ വ്യത്യസ്ഥയായ മരണപ്പെട്ട സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സഫിയയുടെ ജീവിതത്തിനൊപ്പം നടന്ന ഒരു കൂട്ടം കലാകാരന്മാരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ജീവിതം തിരശ്ശീലയില്‍ പതിയുന്നത്. ഡോക്യൂമെന്ററിയായും, ഷോര്‍ട് ഫിലിമായുമൊക്കെ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടും ആ ജീവിതത്തിന്റെ പകുതി പോലും പറയാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സിനിമ എന്ന സ്വപ്നത്തിലേക്ക് ഇതിന്റെ അണിയറ ശില്‍പികള്‍ എത്തിയത്.
ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുണയുമായി വ്യവസായികളും, കച്ചവടക്കാരും കലാകാരന്മാരുമായ കുറേപ്പേര്‍ രംഗത്ത് വന്നതോടെ വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ്. വളരെ അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരുക്കങ്ങളുമായി മുന്നാട്ട് പോകുന്ന ഈ ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നത് സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ ചിത്രം എന്ന അംഗീകാരം കൂടിയായിരിക്കും. തേജോമയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സതീഷ്‌കുമാര്‍ ജുബൈല്‍, നിതിന്‍ കണ്ടമ്പേത്ത്, ജേക്കബ് ഉതുപ്പ്, മഹേന്ദ്രന്‍ ജനാര്‍ദ്ധനന്‍ എന്നിവരായിരിക്കും ഇതിന്റെ നിര്‍മ്മാതാക്കള്‍. സഹീര്‍ഷാ കൊല്ലമാണ് സംവിധാനം.
എഴുത്തുകാരി സബീന എം സാലിയുടെ തണല്‍പ്പെയ്ത് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സഫിയയുടെ കഥയുടെ ദൃശ്യ ഭാഷ വികസിക്കുന്നത്. ഇതിന്റെ തിരക്കഥ എഴുതുന്നതും സബീന എം സാലി തന്നെയാണ്. പുരുഷന്‍മാര്‍ക്ക് മാത്രം മേധാവിത്തമുണ്ടായിരുന്ന സൗദിയുടെ ജീവകാരുണ്യ മേഖലയില്‍ വിസ്മരിക്കാന്‍ കഴിയാത്ത അടയാളപെടുത്തലുകളാണ് സഫിയ നടത്തിയത്. വീട്ടുകാരികളായ നിരവധി സ്ത്രീകള്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സഫിയക്ക് കഴിഞ്ഞു. സഫിയയുടെ പ്രവര്‍ത്തങ്ങളിലെആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് സൗദി അധികൃതര്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് നല്‍കിയത്. ദമ്മാമിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും അവര്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. കാന്‍സര്‍ ബാധിതയായ അവര്‍ 2015 ജനുവരിയില്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതയായി. സഫിയയുടെ ജീവിതം പറയുമ്പോള്‍ പ്രവാസത്തിന്റെ വൈവിധ്യങ്ങളേയും, വൈരുദ്ധ്യങ്ങളേയും പറയാന്‍ പറ്റുമെന്നും ഇവിടെയുള്ള നിരവധി കലാകാരന്മാര്‍ക്ക് അവസരമൊരുക്കുമെന്നും സംവിധായകന്‍ സഹീര്‍ ഷാ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖ നടിയായിക്കും കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുക. ഗള്‍ഫിലും, നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും സഹീര്‍ഷാ പറഞ്ഞു.