സാഫ് ഫുട്‌ബോളില്‍ കളിക്കുന്നത് അഞ്ച് ടീമുകള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനല്‍ കളിക്കും. നിലവില്‍ ഒന്നാം സ്ഥാനത്ത് മാലിദ്വീപ്, രണ്ടാമത് നേപ്പാള്‍. രണ്ട് പേര്‍ക്കും ആറ് പോയിന്റ് വീതം. മൂന്നാം സ്ഥാനത്താണ് ഇന്ത്യ-അഞ്ച് പോയിന്റ്. ബംഗ്ലാദേശ് നാല് പോയിന്റുമായി നാലാമത്. ശ്രീലങ്കക്ക് ആകെയുള്ളത് ഒരു പോയിന്റ്. അവശേഷിക്കുന്നത് രണ്ട് മല്‍സരങ്ങളാണ്. നാളെ വൈകീട്ട് 4-30 ന് ബംഗ്ലാദേശ് നേപ്പാളിനെയും രാത്രി 9-30 ന് ഇന്ത്യ മാലിദ്വിപിനെയും നേരിടും. നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ ഫൈനലുറപ്പാക്കും. മാലി ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ പുറത്താവും. ഇന്ത്യയുടെ സാധ്യത വിജയത്തില്‍ മാത്രം. ആതിഥേയരെ തോല്‍പ്പിച്ചാല്‍ ഫൈനല്‍ ഉറപ്പാണ്. മാലിയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റാവും. നേപ്പാള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ഒമ്പത് പോയിന്റാവും. രണ്ട് കളികളും സമനിലയില്‍ അവസാനിച്ചാലും തിരിച്ചടി ഇന്ത്യക്കാവും. സമനില നേടിയാലും നേപ്പാളിന് മുന്നേറാനാവും. ഇന്ത്യയെ സമനിലയില്‍ കുരുക്കിയാല്‍ മാലിയും കയറും. ബംഗ്ലാദേശിനും സാധ്യതയില്ലാതില്ല. നിലവില്‍ നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. നേപ്പാളിനെ തോല്‍പ്പിച്ചാലത് ഏഴായി മാറും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പോയിന്റ തുല്യതയില്‍ വന്നാല്‍ പരസ്പരം ഏറ്റുമുട്ടിയ മല്‍സരഫലങ്ങളായിരിക്കും പ്രധാനം.
സ്റ്റിമോക്കിനെതിരെ നേപ്പാള്‍
മാലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമോക്കിനെതിരെ പരാതിയുമായി നേപ്പാള്‍ സംഘം. സാഫ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നേപ്പാളിനെതിരെ മല്‍സരത്തില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയ ശേഷം ഗ്യാലറിയെ നോക്കി സ്റ്റിമോക് നൃത്തം ചെയ്തിരുന്നു.ഇതാണ് മല്‍സരത്തില്‍ തോറ്റ നേപ്പാള്‍ സംഘത്ത പ്രകോപിപ്പിച്ചത്. ഒരു പരിശീലകന്‍ ഈ വിധം വഴി വിട്ട് പ്രതികരിക്കരുതായിരുന്നുവെന്നായിരുന്നു നേപ്പാളിന്റെ പരിശീലകന്‍ അബ്ദുല്ല അല്‍മുത്താരി അഭിപ്രായപ്പെട്ടത്. എന്നാല്‍ തന്റെ ചലനങ്ങളില്‍ തെറ്റില്ലെന്നാണ് സ്റ്റീമോക് പറയുന്നത്. എന്റെ ആഘോഷത്തില്‍ എന്താണ് വീഴ്ച്ച..? നിങ്ങള്‍ പറയു… എന്റെ ടീം ജയിച്ചു. അത് ഞാന്‍ ആഘോഷിച്ചു. അതില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ പക്ഷേ ക്രോട്ടുകാരന്‍ സംതൃപ്തനല്ല. നായകന്‍ സുനില്‍ ഛേത്രി 82-ാം മിനുട്ടില്‍ സ്‌ക്കോര്‍ ചെയ്യും വരെ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. അവസരങ്ങളെ ഉപയോഗപ്പെടുത്തി ഗോളുകള്‍ കരസ്ഥമാക്കണം. അവിടെ മാത്രമേ ജയിക്കാനാവു-അദ്ദേഹം പറഞ്ഞു. സാഫില്‍ കളിച്ച മൂന്ന് മല്‍സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ സമനില വഴങ്ങി. ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ദുര്‍ബലരെന്ന് കരുതിയ ശ്രീലങ്കയോട് ഗോള്‍ രഹിത സമനിലയും വഴങ്ങിയിരുന്നു. ഇപ്പോള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നേപ്പാള്‍, മാലി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അവസാന മല്‍സരത്തില്‍ മാലിയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മൂന്ന് മല്‍സരങ്ങളല്‍ നിന്ന് ആറ് പോയന്റുള്ള മാലിയാണ് ഒന്നാമത്. നേപ്പാളിനും ആറ് പോയന്റുണ്ട്.