ബെംഗളൂരു: സാഫ് കപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യയും കുവൈറ്റുമിന്ന് നേര്‍ക്കുനേര്‍. ജേതാക്കള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവും. വൈകീട്ട് 7-30ക്കാണ് മല്‍സരം.ആദ്യ മല്‍സരത്തില്‍ നാല് ഗോളിന് പാക്കിസ്താനെയും രണ്ടാം മല്‍സരത്തില്‍ രണ്ട് ഗോളിന് നേപ്പാളിനെയും വീഴ്ത്തിയ ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. പക്ഷേ പാക്കിസ്താനെയും നേപ്പാളിനെയും നേരിട്ടത് പോലെ അനായാസം ഇന്ത്യക്ക് കുവൈറ്റിനെ കാണാനാവില്ല.
നേപ്പാളിനെ 3-1 നും പാക്കിസ്താനെ നാല് ഗോളിനും തകര്‍ത്ത അവര്‍ രാജ്യാന്തര രംഗത്ത് ഇന്ത്യയെക്കാള്‍ മികച്ച നിലവാരത്തില്‍ കളിക്കുന്നവരാണ്. എന്നാല്‍ വിജയം തുടരുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പറഞ്ഞു. ഇന്ത്യയുടെ രണ്ട് മല്‍സരങ്ങളിലും ഗോളുകള്‍ നേടിയ ഛേത്രി അപാര ഫോമിലാണ്. പാക്കിസ്താനെതിരെ അദ്ദേഹം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. കിരീടം മാത്രമാണ് ലക്ഷ്യം. അതിനിടയില്‍ എല്ലാ മല്‍സരങ്ങളും സ്വന്തമാക്കുകയാണ് പ്രധാനമെന്ന് ടീം കോച്ച് ഇഗോര്‍ സ്റ്റിമോക്കും വ്യക്തമാക്കി.