ധാക്ക: കലാശത്തില്‍ ഇന്ത്യ കലമുടച്ചു. തകര്‍പ്പന്‍ പ്രകടനങ്ങളുമായി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളം നിറഞ്ഞ സുഭാഷിഷ് നയിച്ച ഇന്ത്യന്‍ സംഘത്തെ ഫൈനല്‍ പോരാട്ടത്തില്‍ പ്രത്യാക്രണ ഗെയിമില്‍ നേടിയ രണ്ട് ഗോളിന്റെ മികവില്‍ തോല്‍പ്പിച്ച് മാലിദ്വീപ് ഒന്നാമന്മാരായി. ബംഗബന്ധു നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരു പകുതികളിലായി ഇബ്രാഹിം ഹുസൈനും (19), അലി ഫസീറും (73) മാലിക്കാരുടെ ഗോള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ സുമീത് പാസി സ്വന്തമാക്കി.
പാക്കിസ്താന്‍ ഉള്‍പ്പെടെ പ്രബലരെയെല്ലാം കശക്കിയ ഇന്ത്യക്കായിരുന്നു ഫൈനലില്‍ വ്യക്തമായ മുന്‍ത്തൂക്കം. ആഷിഖ് കരുണിയാനും സംഘവും മനോഹരമായാണ് കളിച്ചത്. പക്ഷേ ഇന്നലെ ഇന്ത്യയുടെ ദിവസമായിരുന്നില്ല. തുറന്ന അവസരങ്ങള്‍ നിര്‍ഭാഗ്യ വഴിയില്‍ പുറത്തായപ്പോള്‍ മാലിക്കാര്‍ രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തത് കളിയുടെ ഗതിക്ക് വിപീരിതമായിട്ടായിരുന്നു. പ്രത്യാക്രമണങ്ങളായിരുന്നു മാലി തന്ത്രം. ഇന്ത്യ തങ്ങളെക്കാള്‍ മികച്ച സംഘമാണെന്ന് മനസ്സിലാക്കി തന്നെ ഡിഫന്‍സില്‍ ജാഗ്രത പുലര്‍ത്തിയും അവസരം ലഭിക്കുമ്പോള്‍ കടന്നാക്രമണം നടത്തിയും അവര്‍ പേസ് ചെയ്ത ഗെയിമാണ് ഫലത്തില്‍ ടീമിന് കപ്പായി മാറിയത്. പത്തൊമ്പതാം മിനുട്ടിലായിരുന്നു ഇന്ത്യയെ ഞെട്ടിച്ച മാലി ഗോള്‍. പന്തുമായി കുതിച്ചു കയറിയ നായിസ് ഹുസൈന്‍ ഓട്ടത്തിനിടെ നല്‍കിയ ക്രോസ് സ്വീകരിച്ച ഇബ്രാഹിം ഹുസൈന്‍ പായിച്ച ഷോട്ട് ഗോള്‍ക്കീപ്പറെ മറികടന്നു. ഞെട്ടിപ്പോയ ഇന്ത്യ ആഷിഖിലൂടെ കുതിച്ചു കയറി. മലപ്പുറത്തുകാരന്റെ താഴ്ന്ന ക്രോസ് സ്വീകരിക്കുന്നതില്‍ പക്ഷേ ഫറുഖ് അമാന്തം കാട്ടി. പന്ത് മാലി ഡിഫന്‍സ് അടിച്ചകറ്റി. അടുത്ത മിനുട്ടില്‍ തന്നെ നായകന്‍ സുഭാഷിഷിന്റെ ഹെഡ്ഡറും ഫലവത്തായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മന്‍വീര്‍ സിംഗ് ഇന്ത്യയെ സമനിലയിലെത്തിച്ചെന്ന് തോന്നി. പക്ഷേ ഷോട്ട് പുറത്തേക്കായിരുന്നു. അറുപത്തിയെട്ടാം മിനുട്ടില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തരിപ്പണാക്കി ഹംസത്ത് മുഹമ്മദ് മൂന്ന് ഇന്ത്യന്‍ ഡിഫന്‍ഡര്‍മാരെ മറികടന്ന് പന്ത് അലി ഫാസിറിന് നല്‍കി- ഷോട്ട് വലയില്‍ കയറി. ഇന്ത്യ തോല്‍വി ഉറപ്പിച്ച ഇഞ്ച്വറി സമയത്തായിരുന്നു സുമിത് പാസിയുടെ മുന്നേറ്റം ഗോളായത്. തുടര്‍ന്ന് മാലി ഗോള്‍ക്കീപ്പറുടെ മിന്നല്‍ സേവുകളും കണ്ടു. ഇത് രണ്ടാം തവണയാണ് മാലിക്കാര്‍ സാഫില്‍ കിരീടമണിയുന്നത്.
സാഫ് കപ്പില്‍ ഇന്ത്യക്ക് തോല്‍വി; മാലദ്വീപ് ജേതാക്കള്‍
Tags: saff cup football