X

പെണ്‍കുട്ടികളുടെ സുരക്ഷ; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജെ.എന്‍.യു 

പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലര്‍ തിരുത്തി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല. ലൈംഗികാക്രമണം ഒഴിവാക്കാന്‍ പെണ്‍കുട്ടികള്‍ പുരുഷ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു രേഖ വരയ്ക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം’ എന്ന പരാമര്‍ശമാണ് സര്‍ക്കുലറില്‍ തിരുത്തിയത്.

ജനുവരി 17ന് നടക്കാനിരിക്കുന്ന ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കൗണ്‍സലിങ് സെഷനെക്കുറിച്ച് വിദ്യാര്‍ഥികളെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു സര്‍ക്കുലര്‍. സര്‍വകലാശാലയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

വെബ്‌സൈറ്റിലും ഇവ പ്രസിദ്ധീകരിച്ചിരുന്നു. ലൈംഗികാക്രമണ സംഭവങ്ങളില്‍ ഉത്തരവാദിത്തം പെണ്‍കുട്ടികള്‍ക്ക് തന്നെയാണെന്ന സര്‍ക്കുലര്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അടുത്ത സുഹൃത്തുക്കള്‍ ലൈംഗികാതിക്രമം നടത്തുന്നതായ ഒട്ടേറെ പരാതികള്‍ സമിതിക്ക് ലഭിക്കാറുണ്ട്. ആണ്‍കുട്ടികള്‍ പലപ്പോഴും സൗഹൃദത്തിന്റെ അതിര്‍വരമ്പ് ലംഘിക്കാറുള്ളതായി കാണുന്നു. അതുകൊണ്ട് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകാതിരിക്കാന്‍ ആണ്‍സൗഹൃദങ്ങള്‍ക്കിടയില്‍ വ്യക്തമായ അതിര്‍വരമ്പ് വരക്കേണ്ടത് എവിടെയാണെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കേണ്ടതുണ്ട്’- സര്‍ക്കുലര്‍ വിവരിക്കുന്നു.
ഇതില്‍ തിരുത്തല്‍ വരുത്തിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ലൈംഗികാക്രമണമായി കണക്കാക്കുന്ന സൗഹൃദവും പെരുമാറ്റവും സംബന്ധിച്ച് ആണ്‍കുട്ടികളെ ബോധവല്‍ക്കരിക്കും. ലൈംഗികാക്രമണങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് പെണ്‍കുട്ടികളെയും ബോധവല്‍ക്കരിക്കും’- പുതിയ സര്‍ക്കുലറില്‍ പറയുന്നു.

ലൈംഗികാക്രമണത്തിന് വിധേയമാകുന്നവരെ അധിക്ഷേപിക്കുന്നതാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍ എന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി യൂണിയനും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയും രംഗത്തുവന്നിരുന്നു.
തങ്ങളുടെ ആണ്‍ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് എവിടെയാണ് അതിര്‍വരമ്പ് വേണ്ടതെന്ന് പെണ്‍കുട്ടികള്‍ മനസ്സിലാക്കണം എന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ സ്ത്രീവിരുദ്ധമാണെന്ന് വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ വിമര്‍ശിച്ചു.

Test User: