X

ചരിത്രത്തില്‍ പങ്കില്ലാത്തവരാണ് ചരിത്രത്തെ വെട്ടിമാറ്റുന്നത്: സയ്യിദ് സാദിഖലി തങ്ങള്‍

 

മലപ്പുറം: ആലി മുസ്ലിയാരെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചരിത്രത്തില്‍ നിന്നും വെട്ടി മാറ്റാന്‍ ശ്രമിക്കുന്നത് സ്വാതന്ത്ര്യ ചരിത്രത്തില്‍ യാതൊരു പങ്കുമില്ലാത്തവരാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേന്ദ്ര സാസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ‘ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍’ എന്ന പുസ്തകത്തില്‍ നിന്നും വാരിയംകുന്നനെയും ആലി മുസ്ലിയാരെയും നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്രം വായിക്കലും ഓര്‍മപ്പെടുത്തലുമെന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേലിയേറ്റത്തിരകളാല്‍ നമ്മെ ഊര്‍ജ്ജ്വസ്സ്വലമാക്കുന്ന ചരിത്ര പുരുഷന്മാരുടെ ഓര്‍മകള്‍ മറവിക്ക് വിട്ടുകൊടുക്കാനുള്ളതല്ല. ഭാരതത്തിന്റെ സ്വാതന്ത്രത്തിനായി ബ്രിട്ടീഷുകാരോട് പോരാടിയിരുന്നവര്‍ ബഹുസ്വര ഇന്ത്യയായിരുന്നു സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തിലും സ്വാതന്ത്രാനന്തര ഭാരതത്തെ കെട്ടിപ്പടുക്കുന്നതിലും പങ്കില്ലാത്ത സംഘപരിവാര്‍ ചരിത്രം തിരുത്തുകയാണ്. ഐക്യഭാരത നിര്‍മാണത്തില്‍ പങ്കാളികളാവാന്‍ കഴിയാത്തവരുടെ അസൂയയാണിത്. പുതിയ വിദ്യാഭ്യാസ നയം പോലും അതിന് ഉദാഹരണമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണക്ക് ഒപ്പം പ്രതിരോധിക്കേണ്ട വൈറസ് തന്നെയാണ് സംഘപരിവാര്‍ എന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. ഒറ്റുകാരായ ആര്‍.എസ്.എസിന് ചരിത്രത്തെ നിഷേധിക്കുക എന്നത് എളുപ്പമുള്ളകാര്യമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമരങ്ങള്‍ അവസാനിപ്പിക്കുന്നതിനും പ്രതിഷേധ ശബ്ദമുയര്‍ത്തുന്നവരെ രോഗം പടര്‍ത്തുന്നവരെന്ന് മുദ്രകുത്തുന്നതിനുമാണ് കോവിഡിനെ ഭരണകൂടങ്ങള്‍ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ ചരിത്രകാരന്മാര്‍ ചരിത്ര രേഖകള്‍ പരിശോധിച്ച് തയ്യാറാക്കിയ പുസ്തകത്തില്‍ നിന്ന് ആലി മുസ്്‌ലിയാരെയും വാരിയം കുന്നനെയും പിന്നീട് വെട്ടിമാറ്റിയത് ഗൗരവമുള്ള കാര്യമാണെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആദ്യം തയ്യാറാക്കിയ പുസ്തകത്തില്‍ ഉള്‍പ്പെട്ടിരുന്ന ചരിത്രപുരുഷന്മാരുടെ പേരുകള്‍ എങ്ങനെയാണ് സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വെട്ടിമാറ്റുകയെന്നും ഇങ്ങനെ പ്രതിഷേധം ഉയരുന്നതിനനുസരിച്ച് തിരുത്താവുന്നതാണോ ചരിത്രമെന്നും അദ്ദേഹം ചോദിച്ചു.
ചടങ്ങില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: യു.എ.ലത്തീഫ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, മുസ്‌ലിംലീഗ് മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി വി.മുസ്തഫ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുളളമ്പാറ, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ.കരീം, സംസ്ഥാന സെക്രട്ടറിമാരായ അശ്ഹര്‍ പെരുമുക്ക്, കെ.എം.ഫവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ്പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ ഫവാസ് പനയത്തില്‍, കെ.എം.ഇസ്മായില്‍, ടി.പി.നബീല്‍, നവാഫ് കള്ളിയത്ത്, റാഷിദ് കൊക്കൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, ഇര്‍ഷാദ് കുറുക്കോള്‍, നസീഫ് ഷെര്‍ഷ്, നിസാം കെ.ചേളാരി, ആഷിഖ് പാതാരി എന്നിവര്‍ സംബന്ധിച്ചു.

 

web desk 1: