കെ.എ മുരളീധരന്‍
തൃശൂര്‍: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേറ്റ സമയം. എല്ലാ ജില്ലകളിലെയും വിവിധ മേഖലകളില്‍ പ്രമുഖരായവരെ കാണാന്‍ തങ്ങളെത്തുന്നു. 2022 ജൂണ്‍ 8ന് തൃശൂര്‍ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ നടന്ന സൗഹൃദ സംഗമത്തില്‍ സാദിഖലി തങ്ങളെ കാണാന്‍ എത്തിയവരുടെ കൂട്ടത്തില്‍ 102 വയസായ പി. ചിത്രന്‍ നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു.
ആമുഖ പ്രഭാഷണത്തില്‍ സാദിഖലി തങ്ങള്‍ ഇടശേരി ഗോവിന്ദന്‍നായരുടെ പ്രശസ്തമായ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി കഥാസന്ദര്‍ഭം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. നൂറു ശതമാനം ഞാനൊരാര്യ കൂറും കുടുമയുമുള്ള ഹിന്ദു. മാപ്പിളേ നീയെന്‍ അലവിയെങ്കില്‍ തോളില്‍ കൈയിട്ട് നടന്നുകൊള്ളൂ എന്നു തുടങ്ങുന്ന കവിതയുടെ കഥാ സാരം ഇങ്ങിനെയാണ്. കവിയുടെ അലവി എന്ന സ്‌കൂള്‍കാല കൂട്ടുകാരനാണ് കവിതയിലെ കഥാപാത്രം. പിതാവിന്റെ ചായക്കടയില്‍ നിന്നാണ് അലവി ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നത്. അന്നേരമെല്ലാം മറ്റൊരു കഥാപാത്രമായ കവി കാഴ്ചകള്‍ കണ്ട് വിശന്നുവലഞ്ഞ് മരചുവട്ടിലിരിക്കും. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആരും കാണാതെ പിതാവിന്റെ കടയില്‍ നിന്ന് അലവി ഉടുമുണ്ടില്‍ ഒരു പഴം പൊതിഞ്ഞുകൊണ്ടുവന്ന് കവിക്ക് നല്‍കും. ഇതു കഴിച്ചാണ് കവി വിശപ്പടക്കുന്നത്. ഒരുനാള്‍ ഈ കുഞ്ഞു കള്ളം കയ്യോടെ പിടിക്കപ്പെട്ടു. ബാപ്പ പൊതിരെ തല്ലിയിട്ടും വേദന സഹിച്ചതല്ലാതെ അലവി കവിയുടെ പേരു പറയുന്നില്ല. ഹിന്ദു സ്‌നേഹിതന്റെ അഭിമാനം സംരക്ഷിക്കുന്ന അലവിയിലൂടെ കവി ഇസ്‌ലാമിലെ വന്‍മല കാണുകയാണ്. തന്റെ അഭിമാനം സംരക്ഷിക്കാന്‍ അലവി എന്ന മാപ്പിള സ്‌നേഹിതന്‍ സഹിച്ച ത്യാഗം ഭാവനയില്‍ കണ്ടാണ് കവി ഈ കവിതയെഴുതുന്നത്. ജാതിക്കും മതങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യസ്‌നേഹത്തിന്റെ എല്ലാകാലത്തേക്കുമുള്ള ഹിന്ദു മുസ്‌ലിം ബന്ധത്തിന്റെ വലിയ ഓര്‍മപ്പെടുത്തലായി കവിത മാറുന്നുണ്ട്.
സാദിഖലി തങ്ങളുടെ പ്രസംഗം കഴിഞ്ഞ് ബാക്കിയുള്ളവര്‍ സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാടും എഴുന്നേറ്റു. ഞാനൊരു മലപ്പുറംകാരനാണെന്ന് പറയുന്നതില്‍ എനിക്കെന്നും അഭിമാനമുണ്ടെന്ന് പറഞ്ഞു തുടങ്ങിയ ചിത്രന്‍ നമ്പൂതിരിപ്പാട് ഇടശേരിയുടെ ഇസ്‌ലാമിലെ വന്‍മല എന്ന കവിത ചൊല്ലി ഹൃദയസ്പര്‍ശിയായി മനുഷ്യസ്‌നേഹത്തെകുറിച്ച് സംസാരിച്ച സാദിഖലി തങ്ങളെ പോലുള്ള നേതാക്കളില്‍ വരുംകാലത്തേക്ക് എനിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂട്ടിചേര്‍ത്തു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും സാദിഖലി തങ്ങളെ കാണാനും അനുഗ്രഹിക്കാനും കൂടിയാണ് ഞാന്‍ വന്നതെന്നും പറഞ്ഞാണ് പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഹ്രസ്വ പ്രസംഗം അവസാനിപ്പിച്ചത്.
പി.ചിത്രന്‍ നമ്പൂതിരിപ്പാട് എന്ന വലിയ മനുഷ്യന്‍ അങ്ങിനെയൊരാളായിരുന്നു. മലപ്പുറത്തിന്റെ നന്മ എന്നും ജീവിതത്തില്‍ കൂടെ കൊണ്ടുനടന്ന ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗം അതുകൊണ്ടുകൂടിയാണ് എല്ലാവരിലും വേദനയുണര്‍ത്തുന്നത്.
1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. ചെറുപ്രായം മുതല്‍ തന്നെ ഹിമാലയത്തോട് വലിയ പ്രിയമായിരുന്നെന്ന് ചിത്രന്‍ നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. അക്കാലത്ത് ഹിമാലയം സന്ദര്‍ശിച്ച, വീടിനടുത്തുണ്ടായിരുന്ന ഒരു വ്യക്തി നിരന്തരം ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള കഥകള്‍ പറയുമായിരുന്നു. 1952ലായിരുന്നു ആദ്യ ഹിമാലയന്‍ യാത്ര. എന്നാല്‍ സുഹൃത്തുമൊത്തുള്ള ആ യാത്ര രുദ്രപ്രയാഗില്‍ വെച്ച് ഫുഡ് പോയ്‌സണ്‍ വന്നതോടെ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1956-ല്‍ നടത്തിയ ഹിമാലയന്‍ യാത്ര വിജയകരമായി. പുണ്യഹിമാലയം എന്ന പേരില്‍ തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ഈ യാത്രക്കിടയില്‍ ഉത്താരാഖണ്ഡില്‍ ഭൂകമ്പത്തില്‍ അച്ഛനും അമ്മയും മരിച്ചുപോയൊരു കുട്ടിയ്ക്ക് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. പഠനാവശ്യത്തിനുള്ള പണമെല്ലാം അയച്ചുകൊടുത്തിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് എല്ലാ യാത്രയിലും അവനെപോയി കണ്ടിരുന്നു.
ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരുമായി നല്ല ബന്ധം പി. ചിത്രന്‍ നമ്പൂതിരിപ്പാടിനുണ്ടായിരുന്നു. ഇ.എം.എസ്, സി.എച്ച് മുഹമ്മദ്കായ, കെ. കരുണാകരന്‍, സി.അച്യുതമേനോന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി നല്ല അടുപ്പമുണ്ടായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് തൃശൂരിലെ എല്ലാ സാസ്ംകാരിക പരിപാടിയിലെ നിറസാന്നിധ്യമായിരുന്നു. നൂറ്റിമൂന്നാം വയസില്‍ എല്ലാ യാത്രകളും അവസാനിപ്പിച്ച് ചിത്രന്‍ നമ്പൂതിരിപ്പാട് മടങ്ങുമ്പോള്‍ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഒരു നല്ല മനുഷ്യന്റെ അഭാവം സാസ്‌കാരിക കേരളത്തിന് വലിയൊരു നഷ്ടം തന്നെയാകും.