X

സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് സാദിഖലി തങ്ങള്‍

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സ്നേഹത്തിന്റെ സന്ദേശം പകര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സുഹൃദ് സദസ്സ്. വ്യത്യസ്ത മത, സാംസ്‌കാരിക നേതാക്കള്‍ ചുറ്റുമിരുന്ന് സ്നേഹവും സൗഹാര്‍ദ്ദവും പങ്കുവെച്ചു. നിറഞ്ഞ മനസ്സോടെയാണ് ഓരോരുത്തരും സദസ്സില്‍നിന്ന് പിരിഞ്ഞുപോയത്.

മുസ്ലിംലീഗിന്റെ രാഷ്ട്രീയം മതസൗഹാര്‍ദ്ദമാണ് മുന്നോട്ട് വെക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖാഇദെ മില്ലത്തും സീതി സാഹിബും ബാഫഖി തങ്ങളും സി.എച്ചും പി.എം.എസ്.എ പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളുമെല്ലാം കാണിച്ചുതന്ന മാതൃക മനുഷ്യ സ്നേഹത്തിന്റേതാണ്. പുതിയ കാലത്ത് അതെല്ലാം ഊട്ടിയുറപ്പിക്കുകയാണ് ഈ പര്യടനത്തിന്റെ ലക്ഷ്യം. ആശാവഹമായ പിന്തുണയാണ് സുഹൃദ് സദസ്സില്‍ പങ്കെടുത്തവര്‍ ഞങ്ങള്‍ക്ക് നല്‍കിയത്.

അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തി മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യ ബന്ധത്തെ ഊട്ടിയുറപ്പിക്കാനാണ്. മനുഷ്യരെ അകറ്റുന്ന മതവിശ്വാസം പൂര്‍ണമല്ല.- തങ്ങള്‍ പറഞ്ഞു. സാഹോദര്യം, സ്നേഹം, ദയ, ക്ഷമ, ദുര്‍ബലരോടുള്ള അനുകമ്പ എന്നിവയെല്ലാമാണ് മതങ്ങള്‍ നല്‍കുന്ന മൂല്യങ്ങള്‍. ആ മൂല്യങ്ങളിലൂടെ സഞ്ചരിക്കാന്‍ എല്ലാവരും തയ്യാറാകുമ്പോള്‍ നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയും. മണ്ഡലം, പഞ്ചായത്ത് തലങ്ങളിലേക്കും ഈ സംഗമങ്ങള്‍ വ്യാപിപ്പിക്കുമെന്ന് തങ്ങള്‍ പറഞ്ഞു. മത നേതാക്കള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രമുഖരാണ് സംബന്ധിച്ചത്.

Chandrika Web: