മലപ്പുറം: ഗാന്ധിജിയുടെ ഓര്‍മ്മകള്‍ ഫാസിസത്തിനെതിരെ പൊരുതാന്‍ കരുത്ത് പകരുന്നതാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഓര്‍മകള്‍ പുതുക്കി വീണ്ടുമൊരു ജനുവരി 30 കടന്നുപോവുകയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിലയുറപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഏഴു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ മഹാത്മാവിന്റെ നെഞ്ചു പിളര്‍ത്തിയ വെടിയുണ്ട ഭാരതത്തെയാണ് മുറിവേല്‍പ്പിച്ചത്. എഴുപത് വര്‍ഷം പിന്നിട്ടിട്ടും ആ മുറിവുണക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
ആ മുറിവ് സ്വന്തം നെഞ്ചിനേറ്റ മുറിവായി കരുതി രാജ്യത്തെ രക്ഷിക്കാനുള്ള കടമ ഓരോ ഭാരതീയനുമുണ്ടെന്ന് ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നു. സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മരുന്ന് പുരട്ടി ആ മുറിവുണക്കാനും രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടാനും ഈ ദിനത്തില്‍ നാം പ്രതിജ്ഞയെടുക്കേണ്ടതുണ്ട്.