കാസര്‍കോട്: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇതുവരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് തങ്ങളുടെ പരാമര്‍ശം. നേതൃത്വം നല്‍കുന്ന പിന്തുണയും പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കാത്തതും പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതും അക്രമികള്‍ക്ക് കിട്ടുന്ന ഹീറോ പരിവേഷവും കൊണ്ടാണ് കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നതെന്നും തങ്ങള്‍ കുറ്റപ്പെടുത്തി.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
അവസാനിക്കാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളാണ് കാസര്‍കോട്ടെ കൃപേഷും ശരത്തും. ജീവിച്ചു തുടങ്ങുമ്പോഴേക്കും നിസ്സാര കാരണങ്ങളുടെ പേരില്‍ ഈ രണ്ടു യുവാക്കളും കൊലക്കത്തിക്കിരയായി. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇത് വരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണ്. വിപ്ലവാത്മകമായ മുന്നേറ്റങ്ങളിലൂടെ രാജ്യത്തിന് മാതൃക ആയ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വാര്‍ത്ത അല്ലാതാവുന്നു.
നേതൃത്വം നല്‍കുന്ന പിന്തുണ, പോലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കാത്തത്, പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത്, അക്രമികള്‍ക്ക് കിട്ടുന്ന ഹീറോ പരിവേഷം ഇക്കാരണങ്ങള്‍ കൊണ്ട് കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നു. കേവലമായ അപലപിക്കല്‍ മാത്രം പോരാ. അക്രമികള്‍ക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടികള്‍ തയ്യാറാവരുത്.
കേരളത്തിന് സമാധാനം നിഷേധിക്കുന്ന അക്രമികളെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റപ്പെടുത്തണം. ഈ രണ്ടു യുവാക്കളുടെയും കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കാനും സഹായം എത്തിക്കാനും മുസ്ലിം ലീഗ് മുന്നിലുണ്ടാവും.