X

ക്രിസ്മസ് ദിനത്തില്‍ കോഴിക്കോട് ബിഷപ്പ് ഹൗസിലെത്തി ആശംസകള്‍ അറിയിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

ക്രിസ്മസ് ദിനത്തില്‍ സൗഹൃദ സന്ദേശവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തി. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ പറഞ്ഞു. സംതൃപ്തമായ ഒരു ന്യൂനപക്ഷ സമൂഹമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ വേണ്ടത്. രാജ്യത്തിന്റെ പുരോഗതി ന്യൂനപക്ഷങ്ങളുടെ സംതൃപ്തിയിലാണ് നിലകൊള്ളുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതെല്ലാം ചര്‍ച്ചകളിലൂടെ ജനാധിപത്യപരമായി പരിഹരിക്കണം. അദ്ദേഹം വ്യക്തമാക്കി.

ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്‌കാരമാണ് ക്രിസ്മസ് വളര്‍ത്തുന്നത്. ജാതിമത ഭേദമെന്യേ സഹോദരന്മാരായിട്ടാണ് കേരളത്തിലെ ജനം ജീവിച്ചത്. സ്‌നേഹത്തിന്റെ ഒരു ആഗോളവല്‍ക്കരണമാണ് ക്രിസ്മസ്. തിന്മയുടെ വ്യാപനത്തിനെതിരെ സ്‌നേഹത്തെ വിന്യസിപ്പിക്കുകയാണ് ക്രിസ്മസ്. അദ്ദേഹം വിശദീകരിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഉമര്‍ പാണ്ടികശാല, പി. ഇസ്മാഈല്‍, ടി.പി.എം ജിഷാന്‍, എന്‍.സി അബൂബക്കര്‍ എന്നിവരും തങ്ങളെ അനുഗമിച്ചു.

Test User: