മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജയിക്കലല്ല, ജനങ്ങള്‍ ജയിപ്പിക്കലാണെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ പോലെ ജയിക്കുന്നതല്ല അതെന്നും തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ ജയിപ്പിച്ചതാണ്, ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവച്ച് തിരിച്ചു പോരണമെന്നും സാദിഖലി തങ്ങള്‍.
സയ്യിദ് സാദിഖലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ്:
‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല,
ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’
മുസ്‌ലിംലീഗ് ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വ്വം..
നമ്മുടെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി നാളെ മുതല്‍ അധികാരത്തില്‍ വരും.
അധികാരം അലങ്കാരമാക്കാതെ അതൊരു ഉത്തരവാദിത്വമായി കാണണം.
ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഭരണ കേന്ദ്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍.
പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും.
കേരള പഞ്ചായത്തീരാജ് നഗരപാലികാ നിയമം നിലവില്‍ വന്നതുമുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരങ്ങള്‍ വര്‍ദ്ധിച്ചു.
യഥാര്‍ത്ഥത്തില്‍ അധികാരങ്ങള്‍ വര്‍ദ്ധിച്ചു എന്നതിനര്‍ത്ഥം ജനപ്രതിനിധികളുടെ ബാധ്യതയും ഉത്തരവാദിത്വവും വര്‍ദ്ധിച്ചു എന്നാണ് കരുതേണ്ടത്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാവുന്ന കേന്ദ്രമാണത്.
പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങള്‍ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലാണ്.
ജനനം മുതല്‍ മരണം വരെ സവിശേഷ സന്ദര്‍ഭങ്ങളില്‍ ലഭ്യമാവേണ്ട പ്രധാന രേഖകള്‍ വിതരണാധികാരവും തദ്ധേശ സ്ഥാപനങ്ങള്‍ക്കു തന്നെയാണ്.
ജനങ്ങള്‍ അവരുടെ കാര്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടാന്‍ ഓടിയെത്തുമ്പോള്‍ വിഷയങ്ങളെ സങ്കീര്‍ണമാക്കുന്നവരാകരുത് ജനപ്രതിനിധികള്‍, പ്രയാസങ്ങളുടെ കുരുക്കഴിച്ച് വിഷയങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നവരാകണം. പ്രശ്‌നങ്ങളെ പരിഹാരമാക്കുന്നവനാണ് നല്ല ജന പ്രതിനിധി.
വികസന കാര്യങ്ങളില്‍ കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്.
എല്ലാം എനിക്കറിയാം എന്ന മൂഢ സങ്കല്‍പ്പം മാറ്റിവെച്ച് അറിവും വൈദഗ്ധ്യവും കാഴ്ചപ്പാടുകളുമുള്ളവരുടെയും മുന്‍ ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ആരായുക.
മണ്ണിനേയും മനുഷ്യനേയും വിലമതിക്കുന്നതാവണം വികസനങ്ങള്‍.
വികസനവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ മാത്രമല്ല, വികസനം നടപ്പാക്കും മുമ്പ് അഭിപ്രായം ആരായുന്ന കാര്യത്തിലും സ്വജനപക്ഷപാതം കാണിക്കരുത്.
സത്യപ്രതിജ്ഞയോട് നീതിപുലര്‍ത്തണം.
വനിതാ പ്രതിനിധികള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തിന്നിടയില്‍ കുടുംബത്തിന്റെ അസ്തിത്വം വിള്ളലില്ലാതെ കൊണ്ടു പോകാന്‍ കഴിയണം.
പ്രശസ്തി നേടുന്നതിനേക്കാള്‍ വലുതാണ് വിശ്വസ്തത എന്നത് ഓര്‍മ്മയുണ്ടാവണം.
നാടിനുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി അഴിമതിഇല്ലാതെ നീതിയും നിയമവും മുന്‍നിര്‍ത്തി ഭരണം നിര്‍വ്വഹിക്കുക.
സ്വന്തം കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സന്നദ്ധരാവണം. മതേതരത്വത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടാനും തയ്യാറാവണം.
ഓര്‍ക്കുക
അധികാരം ആധിപത്യമല്ല,
സേവനമാണ്
മനുഷ്യര്‍ക്കു വേണ്ടി സേവനം ചെയ്യുക!
‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല,
ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’
എല്ലാ ജനപ്രതിനിധികള്‍ക്കും അഭിവാദ്യങ്ങള്‍..