മലപ്പുറം: കേരളത്തെ സമ്പൂര്‍ണ മദ്യസംസ്ഥാനമാക്കാനുള്ള സാഹചര്യമാണ് ഇടതുപക്ഷം ഒരുക്കുന്നതെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളോടുള്ള സര്‍ക്കാറിന്റെ വെല്ലുവിളിയാണിത്. ഇടതുപക്ഷം സാമൂഹിക തിന്മകളെ കൂട്ടുപിടിക്കുന്ന പാര്‍ട്ടിയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും മദ്യം സുലഭമാക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്.
ഇടുതുപക്ഷത്തിന്റെ ഈ ജനദ്രോഹ നയത്തിനെതിരെ മതസാംസ്‌കാരിക രാഷ്ട്രീയ സംഘനടകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും മുസ്‌ലിംലീഗ് പൂര്‍ണ പിന്തുണ നല്‍കും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത് കേരളത്തെ മദ്യമുക്തമാക്കാനുള്ള നയമായിരുന്നു. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മത-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മദ്യശാലകള്‍ക്കുള്ള ദൂരപരിധി കുറച്ചുകൊണ്ടുവന്ന് മദ്യമൊഴുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ് ചെയ്തത്. അതിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. ഇത് ഒരുക്കലും നടപ്പാക്കാന്‍ അനുവദിക്കില്ല. ശക്തമായ പ്രതിരോധം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.