വള്ളിക്കുന്ന്: തിരുവോണ നാളില്‍ മത സൗഹാര്‍ദത്തിന്റെ ഓണസദ്യയൊരുക്കിയത് വള്ളിക്കുന്ന് നെറുങ്കൈതകോട്ട ക്ഷേത്ര മേല്‍ശാന്തിയുടെ ഇല്ലത്ത് . അതിഥിയായി എത്തിയതാവട്ടെ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. പുരാതനവും മലബാറില്‍ പ്രസിദ്ധവുമായ നെറുങ്കൈതക്കോട്ട അയ്യപ്പ, ഭഗവതി ക്ഷേത്രങ്ങളുടെ മുന്‍ മേല്‍ശാന്തി പി.ദാമോദരന്‍ നമ്പൂതിരി ,മേല്‍ശാന്തി നന്ദേഷ് നമ്പൂതിരി എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് സാദിഖലി ശിഹാബ് തങ്ങളും കൂടെ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയും പൂവപ്പള്ളി ഇല്ലത്ത് ഒരുക്കിയ ഓണസദ്യയില്‍ പങ്കെടുക്കാനെത്തിയത്. ക്ഷേത്ര ഭാരവാഹികളും ദാമോദരന്‍ നമ്പൂതിരിയുടെ കുടുംബങ്ങളായ നാരായണന്‍ നമ്പൂതിരി ,സ്വര്‍ണലത ,ജിഷ, ജയേഷ്, രാജേഷ്, ശ്രീദേവി എന്നിവര്‍ ചേര്‍ന്ന് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്ക് നല്‍കിയത് ഹൃദ്യമായ സ്വീകരണമായിരുന്നു. തങ്ങളുടെ വരവിനെ പുതുമയോടെ നോക്കി നിന്നവരില്‍ പ്രകടമായത് ഓണത്തിന് ഉണ്ണി പിറന്നതിനേക്കാള്‍ സന്തോഷം. ഇല്ലത്തേക്ക് കയറിച്ചെന്ന തങ്ങളും എം എല്‍ എയും കൈയില്‍ കരുതിയ ഓണപ്പുടവ ദാമോദരന്‍ നമ്പൂതിരിക്ക് കൈമാറി. പിന്നീട് തങ്ങള്‍ക്കും നമ്പൂതിരിയുടെ വക ഓണസമ്മാനം.സൗഹൃദം പങ്ക് വെച്ച് മണിക്കൂറുകള്‍ ചെലവിട്ട തങ്ങളും എം എല്‍ എയും പിന്നീട് മേല്‍ശാന്തിയോടൊത്ത് വിഭവസമൃദ്ധമായ ഓണസദ്യയിലും പങ്കെടുത്തു. ഇല്ലത്തെ മുറ്റത്ത് പന്തലൊരുക്കിയായിരുന്നു സൗഹാര്‍ദത്തിന്റെ ഓണസദ്യ വിളമ്പിയത്. മലയാളത്തിന്റെ മതേതര പാരമ്പര്യമുള്ള ഓര്‍മകളുടെ വസന്തകാലമായ തിരുവോണത്തില്‍ സൗഹൃദത്തിന്റെ നിലാവ് പരത്തുന്നതായി സാദിഖലി തങ്ങളുടെ സാന്നിധ്യം.
മുസ്‌ലിം സമുദായത്തിലെ ഇത്രയും വലിയ മഹദ് വ്യക്തിയുടെ സാന്നിധ്യം ആദ്യമാണെന്ന് നമ്പൂതിരിയും കുടുംബങ്ങളും പറഞ്ഞു. ആഘോഷങ്ങള്‍ സൗഹൃദം പുതുക്കാനുള്ളതാവണമെന്നും അതിനുള്ള അവസരമാണ് മേല്‍ശാന്തി ഒരുക്കിയ തിരുവോണ വിരുന്നെന്നും തങ്ങള്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്ക് മതത്തിന്റെ അതിര്‍വരമ്പുകളില്ല. സാമുദായിക സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ ഒത്തുകൂടലിനെ കാണാന്‍ സാധിക്കും. മേല്‍ശാന്തിയൊരുക്കിയ ഓണസദ്യയില്‍ പങ്ക് ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ പറഞ്ഞു.ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ എന്ന സന്ദേശവും ഇരുവരും പങ്കിട്ടു. പിന്നീട് തങ്ങളെയും എം എല്‍ എയും നമ്പൂതിരിയും കുടുംബങ്ങളും ചേര്‍ന്ന് സന്തോഷത്തോടെ യാത്രയയച്ചു.നമ്പൂതിരിയുടെ കുടുംബത്തിലെ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരോട് കുശലം പറഞ്ഞ് ഓണാശംസകള്‍ നേര്‍ന്നാണ് തങ്ങള്‍ മടങ്ങിയത്.
മലപ്പുറം ജില്ലയെ അശാന്തിയുടെ പൊടിപടലങ്ങള്‍ കൊണ്ട് അശുദ്ധമാക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ശാന്തിയുടെ മന്ത്രങ്ങള്‍ പങ്കിട്ട് തിരുവോണ നാളില്‍ സാദിഖലി തങ്ങളും ക്ഷേത്ര മേല്‍ശാന്തിയും ഒന്നിച്ചിരുന്ന് വിരുന്നുണ്ണിയത് സാഹോദര്യത്തിന്റെ ഉണര്‍ത്തുപാട്ടായി മാറി.ബക്കര്‍ ചെര്‍ണ്ണൂര്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍ ,കോയ കുന്നുമ്മല്‍, ടി.പി ഗോപിനാഥ്, കെ.ഹനീഫ, കെ.സുല്‍ഫിക്കര്‍, ഉസ്മാന്‍ ,വീരേന്ദ്രകുമാര്‍, തറോല്‍ ഹരിദാസന്‍, വി.പി.അബൂബക്കര്‍ കുട്ടി, പി.എം.മനോജ് കുമാര്‍, പി.ഉണ്ണി മൊയ്തു, ശിവന്‍, ജയന്‍ എന്നിവര്‍ക്കൊപ്പമാണ് തങ്ങളും എം.എല്‍.എ യും എത്തിയത്.
- 7 years ago
chandrika
Categories:
Video Stories