കുമരനല്ലൂര്‍: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്‍ന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നവതിയുടെ നിറവിലാണ് അമേറ്റിക്കരയിലേക്ക് പത്മപ്രഭ പരത്തി ഈ ആദരം കടന്നെത്തിയത്. തന്നെ കാണാന്‍ വരുന്നവരെ എല്ലാം സന്തോഷം എന്ന ചെറുവാക്കിലൊതുക്കി അദ്ദേഹം സ്വീകരിച്ചു. അത്യത്ഭുതവും അതിസന്തോഷവും അദ്ദേഹത്തിന്റെ മുഖത്ത് ഇല്ലെങ്കിലും കൂറേയേറെ അധ്വാനിച്ചിട്ടുണ്ട്. അതിനെല്ലാം ചേര്‍ന്ന് പ്രതിഫലം ലഭിച്ചെന്ന് കരുതിയാല്‍ മതി-വന്നവരോടെല്ലാം അക്കിത്തം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. നേട്ടങ്ങളില്‍ അതിരറ്റ് ആഹ്ലാദിക്കാനും നഷ്ടങ്ങളില്‍ വിലപിക്കാനും ഒരിക്കലും അദ്ദേഹം മുതിരാറില്ല. നിരവധി പുരസ്‌കാരങ്ങള്‍ തേടി എത്തിയ അദ്ദേഹത്തിന് രാജ്യം നല്‍കിയ ഈ ആദരത്തില്‍ ഒരു നാടും ജനതയും ആഹ്ലാദം പങ്കുവെച്ചു. വൈകി കിട്ടിയ ഈ അംഗീകാരം വരദാനമായിട്ടാണ് സാംസ്‌കാരിക സമൂഹം വിലയിരുത്തുന്നത്.
പത്മശ്രീ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അനുമോദിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുമരനല്ലൂര്‍ അമേറ്റിക്കരയിലെ ദേവായനത്തില്‍ എത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാകവിയെ നേരിട്ട് അഭിനന്ദിക്കാന്‍ തങ്ങള്‍ എത്തിയത്. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക സന്ദേശം തങ്ങള്‍ കവിക്ക് കൈമാറി. മനയിലെത്തിയ തങ്ങളെ കവി കൂപ്പുകൈയോടെ തന്റെ അടുത്തേക്ക് ഇരുത്തി. ഇരുവരും സ്‌നേഹം പങ്കുവെച്ചു. മകന്‍ നാരായണനും മറ്റു കുടുംബാംഗങ്ങളും തങ്ങളെ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്്ദുസമദ് സമദാനി, കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്്‌മോഹന്‍, വി.ടി ബല്‍റാം എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍, മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി വി.കെ.എം ഷാഫി, കപ്പൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് അലി കുമരനല്ലൂര്‍, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി കെ.സമദ്, സുബൈര്‍ കൊഴിക്കര, എന്‍.ഷാഫി തങ്ങള്‍, മാടമ്പ കുഞ്ഞുകുട്ടന്‍, കെ.ഉമര്‍, പി.പി സക്കീര്‍, , ടി.ഖാലിദ്, വി.പി ഉമര്‍കുട്ടി, കെ.സമദ്, കെ.ഷിഹാബ്, ഷാനവാസ് മുളക്കല്‍, എ.വി ജാഫര്‍, വി.പി ജാഫര്‍, വി.കെ ആലി, സി.എം മോനു, ആസിം ആളത്ത്് തുടങ്ങിയവര്‍ അനുമോദനം നല്‍കാന്‍ എത്തിയിരുന്നു. കപ്പൂര്‍ പഞ്ചായത്ത്് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രത്യേകമായി അമേറ്റിക്കരയിലേക്കുള്ള വഴിയില്‍ അനുമോദനമറിയിച്ച്്് പ്രവേശനകവാടവും ഉയര്‍ത്തി.