കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ന് രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മതേതരത്വത്തെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് ബിഷപ്പിന്റേതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സമൂഹങ്ങളെ അടുപ്പിക്കണം, സമുദായങ്ങള്‍ ചേര്‍ന്നിരിക്കണം, പ്രശ്‌നങ്ങള്‍ കൂടിയിരുന്ന് പരിഹരിക്കണം. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ഇടര്‍ച്ച പാടില്ല. മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്. ആദ്യം ആശങ്ക പരിഹരിക്കണം.
സത്വര പരിഹാരത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. താമസക്കാരെ കുടിയിറക്കരുത്. സര്‍ക്കാര്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒന്നുകൂടി താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എംപിയും സാദിഖലി തങ്ങളുടൊപ്പമുണ്ടായിരുന്നു.
സാദിഖലി തങ്ങളുടെ സന്ദര്‍ശനം ആദരവായി കാണുന്നുവെന്ന് ജോസഫ് പാംപ്ലാനിയും പറഞ്ഞു. ഇത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും ഈ സന്ദര്‍ശനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാംപ്ലാനി പറഞ്ഞു. ഇതില്‍ രാഷ്ട്രീയമോ മറ്റു ലക്ഷ്യങ്ങളോയില്ല. വിവിധ വിഷയങ്ങള്‍ സംസാരിച്ചു. ഒരുമിച്ച് നില്‍ക്കാവുന്ന എല്ലാ മേഖലകളിലും ഒരുമിച്ച് നില്‍ക്കുമെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.