X

നാലു വയസുകാരന്റെ ഹൃദയ ശസ്ത്രക്രിയക്ക് ഇടപെട്ട് സാദിഖലി തങ്ങള്‍

മലപ്പുറം: നാലു വയസു മാത്രം പ്രായമുള്ള മകന്റെ അസുഖം ഭേദമാകാന്‍ ചികിത്സാ ചെലവിനായി സുമനസുകളുടെ കാരുണ്യം തേടിയ കുടുംബത്തിന് സാന്ത്വനമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗുഡല്ലൂര്‍ ഫസ്റ്റ്മയില്‍ താമസിക്കുന്ന വാലന്റിന മാസിഡോ എന്ന വിധവയായ സ്ത്രീയുടെ മകന്‍ ക്രിസ് ഇവാന്ററിന്റെ ഹൃദയ വാള്‍വിലെ തകരാറ് പരിഹരിക്കാനുള്ള ശസ്ത്രക്രിയക്കാണ് തങ്ങളുടെ ഇടപെടലില്‍ തണലായത്. തങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം എട്ടു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ കോഴിക്കോട് മെട്രോമെഡ് ഹോസ്പിറ്റല്‍ ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. മുഹമ്മദ് മുസ്തഫ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കുടുംബം പാണക്കാട്ടെത്തിയത്. മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഈ സമയം പാണക്കാടുണ്ടായിരുന്നു. കുടുംബത്തിന്റെ നിസാഹായവസ്ഥ മനസിലാക്കിയ നേതാക്കള്‍ ഹോസ്പിറ്റല്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആശ്വാസ നടപടിയുണ്ടായത്.

ജനന സമയത്ത് തന്നെ ഹൃദയ വാള്‍വിന് ദ്വാരം ഉള്‍പ്പെടെ ജീവനുഭീഷണിയാവുന്ന അസുഖങ്ങള്‍ ഉള്ളതായി ഡോകടര്‍മാര്‍ കടുംബത്തെ ധരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളില്‍ അസുഖം കൂടുതലാവുകയും വയനാട്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തു. നാലു വയസു പൂര്‍ത്തിയായാല്‍ ശസ്ത്രക്രിയ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിതാവ് ഉപേക്ഷിച്ച്, വാടക വീട്ടില്‍ കഴിയുന്ന ഇവാന്ററിന്റെ കുടുംബത്തിന് ശസ്ത്രക്രിയക്കാവശ്യമായ തുക ആലോചിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. അതിനിടയിലാണ് നീലഗിരി ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി വളണ്ടിയര്‍മാര്‍ ഈ കുടുംബത്തിന്റെ പ്രയാസം മനസിലാക്കുന്നത്. വളണ്ടിയര്‍മാര്‍ മുസ്്‌ലിംലീഗ് നേതാക്കളെ അറിയിക്കുകയും ഇന്നലെ പാണക്കാട്ടെത്തുകയും ചെയ്തു. വിഷയത്തില്‍ തങ്ങള്‍ ഇടപെട്ടതോടെ ആശ്വാസമായ കുടുംബം തങ്ങളുടെ അനുഗ്രഹം വാങ്ങി ഇന്നലെ തന്നെ കോഴിക്കോട് മെട്രോ ആശുപത്രയിലിലെത്തി ഡോ. മുഹമ്മദ് മുസ്തഫയെ കണുകയും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

മുസ്്‌ലിംലീഗ് പാര്‍ട്ടി നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റാണ് ഇവരുടെ അനുബന്ധ ചെലവുകള്‍ വഹിക്കുന്നത്. നിലവില്‍ ഇത്തരത്തില്‍ 400 ഓളം രോഗികള്‍ക്കാണ് ഈ കൂട്ടായ്മ സഹായ ഹസ്തങ്ങള്‍ നീട്ടുന്നത്. നിലവില്‍ ഗൂഡല്ലൂരിലും പന്തല്ലൂരിലും പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി ഉടന്‍ ഊട്ടിയിലും ആരംഭിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പാണക്കാട്ടെത്തിയ സംഘത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റി ഡയരക്ടര്‍ ഡോ. എം.എ അമീറലി, ജനറല്‍ സെക്രട്ടറി നൗഫല്‍ പാതാരി, മുസ്്‌ലിംയൂത്ത് ലീഗ് ദേശീയ കമ്മിറ്റി മെമ്പര്‍ കെ.പി ഫൈസല്‍, വിനിതാലീഗ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷക്കീല ജാഫര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

webdesk17: