ന്യൂഡല്‍ഹി: പാര്‍ട്ടി ഐടി സെല്‍ മേധാവി അമിത് മാളവ്യയെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇക്കാര്യം പാര്‍ട്ടി പ്രസിഡണ്ട് ജെപി നദ്ദയെ അറിയിച്ചതായും സ്വാമി വ്യക്തമാക്കി. മാളവ്യയെ നീക്കിയില്ലെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്നും സ്വാമി വ്യക്തമാക്കി.
വ്യാഴാഴ്ചയോടെ മാളവ്യയെ നീക്കണം എന്നാണ് സ്വാമി ട്വിറ്ററില്‍ ആവശ്യപ്പെട്ടത്. ‘നാളെ മാളവ്യയെ ബി.ജെ.പി ഐടി സെല്ലില്‍ നിന്ന് നീക്കിയില്ലെങ്കില്‍ പാര്‍ട്ടി എന്നെ പ്രതിരോധിക്കില്ല എന്നാണ് അര്‍ത്ഥം. പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ ഒരു വേദിയുമില്ലാത്ത സ്ഥിതിക്ക് എനിക്ക് സ്വയം പ്രതിരോധിക്കേണ്ടി വരും’ – എന്നാണ് സ്വാമിയുടെ ട്വീറ്റ്.
വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരെ പ്രചാരണം നടത്തുന്നു എന്ന് നേരത്തെ സ്വാമി ആരോപിച്ചിരുന്നു. തന്റെ ഫോളോവര്‍മാര്‍ തിരിച്ചു പ്രതികരിച്ചാല്‍ അതിന് ഉത്തരവാദിയായിരിക്കില്ലെന്നും സ്വാമി പറഞ്ഞിരുന്നു.
സാമ്പത്തികം അടക്കം വിവിധ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാറുമായി അഭിപ്രായ ഭിന്നത വച്ചുപുലര്‍ത്തുന്ന നേതാവാണ് സ്വാമി. ഈയിടെ ജെഇഇ, നീറ്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് എതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ അദ്ദേഹം പിന്തുണച്ചിരുന്നു.