X

ഇ.അഹമ്മദിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദരം

അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഇ.അഹമ്മദിന് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന അനുശോചനം. യു.ബഷീര്‍, ഡോ.ആസാദ് മൂപ്പന്‍, മീനാക്ഷി ഗുരുക്കള്‍, എ പ്രദീപ് കുമാര്‍ എം.എല്‍.എ, ടി.പി ദാസന്‍, കമാല്‍ വരദൂര്‍ സമീപം

കോഴിക്കോട്: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദരം. ഇന്നലെ ആസ്റ്റംര്‍ മിംസ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ഇ.അഹമ്മദിനെ സച്ചിന്‍ സ്മരിച്ചത്. ഉദ്ഘാടന പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത സീനിയര്‍ ലീഡര്‍ ഇ.അഹമ്മദിന് എന്റെ പ്രണാമം എന്ന് സംസാരിച്ച് സച്ചിന്‍ തുടങ്ങിയത്. സച്ചിന് മുമ്പ് സംസാരിച്ച ആസ്റ്റംര്‍ മിംസ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ സ്വാഗത പ്രസംഗം ആരംഭിച്ചതും ഇ.അഹമ്മദിനെ സ്മരിച്ചാണ്.

മിംസ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്കും കേരളത്തിന്റെയും ഇന്ത്യയുടെയും വികസനത്തിന് അവിശ്രമം പോരാടിയ ഇ.അഹമ്മദിന് വേണ്ടിയുളള പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത് എന്ന പറഞ്ഞാണ് ഒരു മിനുട്ട് മൗന പ്രാര്‍ത്ഥനയോടെ ഉദ്ഘാടനം ആരംഭിച്ചത്. അല്‍പ്പം വൈകി വേദിയിലെത്തിയ സച്ചിന് വേണ്ടി ആരാധകര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ആസാദ് മൂപ്പന്‍ ഇടപ്പെട്ടാണ് പ്രധാനപ്പെട്ട ഒരു ചടങ്ങിന് ശേഷം മാത്രമേ ഉദ്ഘാടനം ആരംഭിക്കുകയുളളുവെന്ന് വ്യക്തമാക്കിയതും ഇ.അഹമ്മദിന്റെ കാര്യം പറഞ്ഞതും.

കോഴിക്കോട് നഗരത്തില്‍ ഇന്നലെ നടന്ന മിക്ക പൊതു തു ചടങ്ങുകളും ആരംഭിച്ചത് ഇ.അഹമ്മദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ്.കോഴിക്കോട്ടെ തന്റെ ആദ്യ വരവ് പരാമര്‍ശിച്ചാണ് സച്ചിന്‍ പിന്നീട് സംസാരിച്ചത്. അന്ന് ഞാന്‍ മിശ മുളക്കാത്ത പയ്യനായിരുന്നു. ഷേവിംഗ് പോലും ആവശ്യമായിരുന്നില്ല. ഇപ്പോള്‍ മുപ്പതോളം വര്‍ഷമായി. ആകെ ഞാനും മാറി കോഴിക്കോടും മാറി. ഇവിടെ ഇത്രയും നാള്‍ വരാതിരുന്നതില്‍ വേദനയുണ്ട്. ഇനി തീര്‍ച്ചയായും വരും. കളി നിര്‍ത്തിയെങ്കിലും പ്രോമോഷണല്‍ ക്രിക്കറ്റുണ്ടല്ലോ… ഡോ.മൂപ്പന്‍ ആരംഭിക്കുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്റര്‍ തനിക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളിനെ കലവറയില്ലാതെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. തന്റെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ബ്ലാസ്‌റ്റേഴസിന് പോയ സീസണ്‍ ദുഷ്‌ക്കരമായിരുന്നു. പുതിയ കോച്ചും ടീമും. പക്ഷേ നാട്ടുകാരുടെ പിന്തുണയില്‍ ടീം ആകെ മാറി. ഫൈനല്‍ വരെയെത്തി. ഇവിടെയും മഞ്ഞപ്പടയെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ആരോഗ്യ കാര്യങ്ങള്‍ താരങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എപ്പോഴും ടീമിന് വേണ്ടി, രാജ്യത്തിന് വേണ്ടി സ്വയം മറക്കുന്നവരാണ് താരങ്ങള്‍.

അതിനാല്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ വരും. ആരോഗ്യം സംരക്ഷിക്കാന്‍ നല്ല ഡോക്ടര്‍മാരും ചികില്‍സയും ഉറപ്പ് വരുത്താന്‍ ആസ്റ്റര്‍ മിംസിനെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയും. ആരോഗ്യം സംരക്ഷിക്കപ്പെടുമ്പോഴാണ് താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയൂ-സച്ചിന്‍ പറഞ്ഞു. ഒരു മണിക്കൂറോളം വേദിയില്‍ ചെലവിട്ട് കാണികള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് സച്ചിന്‍ മടങ്ങിയത്.

chandrika: