ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി നിയമിച്ച് രണ്ടു ദിവസം പിന്നിടും മുമ്പെയാണ് നരേന്ദ്രമോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അലോക് വര്‍മ്മയെ പുറത്താക്കിയത്. അന്വേഷണം ആവശ്യമായത് പ്രധാനപ്പെട്ട കാര്യം ഇതിനു പിന്നില്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേരത്തെ തന്നെ ഇക്കാര്യം എതിര്‍ത്തതാണെന്നും സംശയാസ്പദമാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ പെട്ടെന്നുള്ള തീരുമാനം റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തു വരാതിരിക്കാന്‍ എടുത്ത മുന്‍കരുതലാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു. ഈ തീരുമാനം കൈക്കൊള്ളുന്നതിന് കേന്ദ്രം ലംഘിച്ച ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ മല്ലികാര്‍ജുന ഖാര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.