X
    Categories: indiaNews

രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായെന്ന് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജ്യത്ത് വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും സാമ്പത്തിക സ്ഥിതി ഭയാനകരമായ അവസ്ഥയിലെത്തുമെന്നും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

‘രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,’ സച്ചിന്‍ പൈലറ്റ് ജയ്പൂരിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മറ്റ് വിഷയങ്ങളിലേക്ക് ചര്‍ച്ചകൊണ്ടുപോകുന്നതെന്നും മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും ആരോപിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടം, ജിഡിപിയിലെ ഭീമന്‍ ഇടിവ് തുടങ്ങിയ വിഷയങ്ങളില്‍ മോദി സര്‍ക്കാറിനെതിരെ രാഹുല്‍ഗാന്ധി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. രാജ്യം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് കോവിഡിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് പതിക്കുന്ന സുനാമിയാണ് കോവിഡെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ പ്രതികരണം.

രാജസ്ഥാനിലെ പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്റെ കീഴില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളില്‍ ആളുകളില്‍ നിന്ന് പ്രതികരണം തേടുന്നത് നല്ല നീക്കമാമെണെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

ജി.ഡി.പി. നിരക്ക് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രത്തിന്റെ നയങ്ങള്‍ കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന കടുത്ത ആരോപണവുമായി ഇന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ജിഡിപിയില്‍ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 12 കോടി ആളുകള്‍ക്ക് ജോലി നഷ്ടമായി, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി തുടങ്ങിയ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ രാഹുല്‍ ഉന്നയിച്ചത്.

‘കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എല്ലാം നല്ലതാണ്’.- രാഹുല്‍ ട്വീറ്റ് ചെയ്തു.

 

 

 

 

 

chandrika: