ന്യൂഡല്‍ഹി: രാജ്യസഭയില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കന്നിപ്രസംഗം തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സച്ചിന്റെ പ്രസംഗം മുങ്ങിപ്പോവുകയായിരുന്നു.
രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ടായിരുന്നു പ്രസംഗം തുടങ്ങിയത്. ‘കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും’ എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കായി സച്ചിന്‍ നോട്ടിസ് നല്‍കിയിരുന്നു. ആദ്യമായാണു സഭയില്‍ സച്ചിന്‍ നോട്ടിസ് നല്‍കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാന്‍ സച്ചിന് അനുമതി ലഭിക്കുകയും ചെയ്തു. എന്നാല്‍ പ്രസംഗം തുടങ്ങിയതോടെ കോണ്‍ഗ്രസ് എം.പിമാര്‍ എണീറ്റുനിന്ന് ബഹളം വെക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ നരേന്ദ്രമോദി നടത്തിയ പാക് ആരോപണത്തില്‍ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. ബഹളത്തിനിടെ പത്തുമിനിറ്റ് നേരം സച്ചിന്‍ കാത്തുനിന്നെങ്കിലും പ്രസംഗം തുടരാനായില്ല. സഭാധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ നിര്‍ദ്ദേശങ്ങളേയും അവഗണിച്ച് എം.പിമാര്‍ ബഹളം തുടരുകയായിരുന്നു. ബഹളം മൂലം സഭ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സച്ചിന് പ്രസംഗം പൂര്‍ത്തിയാക്കാനും സാധിച്ചില്ല.
സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഇതു നാണക്കേടാണെന്നും രാഷ്ട്രീയക്കാര്‍ക്ക് മാത്രം സംസാരിച്ചാല്‍ മതിയോ എന്നും ബി.ജെ.പി എം.പി ജയ ബച്ചന്‍ ചോദിച്ചു.