ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ അനുഭവിക്കുന്നതില്‍ അഗാധമായ മാനുഷിക ദുരന്തമുണ്ടെന്ന് കവി സച്ചിദാനന്ദന്‍. ഹാദിയയുടെ അവസ്ഥയില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യങ്ങളുടെ നിഷേധമാണ് ഹാദിയ അനുഭവിക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. പ്രാഥമികാ സ്വാതന്ത്ര്യങ്ങളുടെ നിഷേധം മാത്രമല്ല, ഭരണഘടനാ ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഹാദിയയുടെ തടവ്. അതിനെ അങ്ങനെ തന്നെ കാണണം. ഹാദിയക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആ വീട്ടിലേക്കു പ്രവേശിക്കാന്‍ അനുവാദം ലഭിക്കുന്നില്ല. എന്നാല്‍ നിലവില്‍ അവരുടെ വീട്ടില്‍ പ്രവേശനമുള്ളത് അവരുടെ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ക്കു മാത്രമാണ്. ഹാദിയയെ അനുകൂലിക്കുന്നവര്‍ക്കോ ഹാദിയയുടെ പ്രശ്‌നം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കോ നിലവില്‍ അവളുടെ വീട്ടിലേക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയുടെ പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഹാദിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ എഴുത്തുകാരി ജെ.ദേവികയും വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു. ഹാദിയയുടെ അവസ്ഥയില്‍ കടുത്ത പ്രതിഷേധമറിയിച്ച് അവര്‍ വനിതാകമ്മീഷനും ഹാദിയയുടെ മാതാപിതാക്കള്‍ക്കും തുറന്ന കത്തുകളെഴുതിയിരുന്നു.