X

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പത്തു വര്‍ഷം: പുരോഗതിയില്ലാതെ മുസ്‌ലിം സാമൂഹ്യസ്ഥിതി

ന്യൂഡല്‍ഹി: മുസ്‌ലിം പിന്നാക്കാവസ്ഥയെ കുറിച്ചുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തുവര്‍ഷം തികഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നുമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. വിദ്യാഭ്യാസ-സിവില്‍ സര്‍വീസ് മേഖലയിലെ മുസ്്‌ലിം പ്രാതിനിധ്യം ഇപ്പോഴും എസ്.സി-എസ്.ടി വിഭാഗങ്ങളേക്കാള്‍ കുറവാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ്, 2006 നവംബര്‍ 30നാണ് മുസ്്‌ലിം സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കവസ്ഥയെ കുറിച്ച് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

2001ലെ റിപ്പോര്‍ട്ടില്‍, സെന്‍സസ് ഉദ്ധരിച്ച് നല്‍കിയ കണക്ക് രാജ്യത്തെ മുസ്്‌ലിംകള്‍ 13.81 കോടിയായിരുന്നു (മൊത്തം 102 കോടി). 2011ല്‍ ഇത് 17.22 കോടിയായി (മൊത്തം 121.08 കോടി). കണക്കുപ്രകാരം നേരിയ വര്‍ധനവു മാത്രമാണ് മുസ്‌ലിം ജനസംഖ്യയില്‍ ഇക്കാലയളവില്‍ ഉണ്ടായത്. വിദ്യാഭ്യാസ മേഖലയില്‍ 2001ല്‍ 59.1 ശതമാനമായിരുന്നു മുസ്്‌ലിം സാക്ഷരത. ഒരു ദശാബ്ദത്തിന് ശേഷം അത് 68.5 ശതമാനമായി. ബിരുദധാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയുണ്ടായി. 2001ല്‍ മുസ്്‌ലിം ബിരുദധാരികള്‍ 23.9 ലക്ഷമായിരുന്നെങ്കില്‍ 2011ല്‍ അത് 47.52 ലക്ഷമായി. മുസ്‌ലിം സ്ത്രീകളിടെ തൊഴില്‍ പ്രാതിനിധ്യത്തില്‍ നാമമാത്ര വര്‍ധനമാത്രമാണ് രേഖപ്പെടുത്തിയത്. 2001ല്‍ 47.5 ശതമാനം. 2011ലെത്തുമ്പോള്‍ അത് 49.5 ശതമാനമായി.

 
അതേസമയം, രാജ്യത്തെ പൊലീസ് സേനയിലെ മുസ്്‌ലിം പ്രാതിനിധ്യം 7.63 ശതമാനത്തില്‍ നിന്ന് 6.27 ആയി കുറഞ്ഞു. (2013ലെ കണക്ക്). മതാടിസ്ഥാനത്തിലുള്ള പൊലീസിന്റെ കണക്കുകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. ഐഎഎസ്, ഐപിഎസ് തലത്തിലാണ് മുസ്്‌ലിം പ്രാതിനിധ്യം ഏറ്റവും കുറവ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഐഎഎസ് പ്രതിനിധ്യം മൂന്ന് ശതമാനവും ഐപിഎസ് നാല് ശതമാനവും ആയിരുന്നു. 2016ലെ ആഭ്യന്തര മന്ത്രാലയത്തിലെ കണക്ക് അനുസരിച്ച് ഐഎസ് തലത്തില്‍ ഇത് 3.32 ആണ്. ഐപിഎസില്‍ 3.19 ശതമാനവും. സംസ്ഥാന സര്‍വീസില്‍നിന്ന് പ്രമോഷന്‍ ലഭിച്ച് ഐപിഎസ് ലഭിച്ചവരുടെ എണ്ണം സച്ചാര്‍ റിപ്പോര്‍ട്ടില്‍ 7.63 ശതമാനം ഉണ്ടായിരുന്നത് 2016ല്‍ 3.82 ശതമാനമായി കുറഞ്ഞു.

 
മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാറാണ് കമ്മറ്റിയെ നിയോഗിച്ചത്. രണ്ടുവര്‍ഷത്തെ പഠന ശേഷമാണ് 403 പേജുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് സച്ചാര്‍ സമര്‍പ്പിച്ചത്.  മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ ആഴം ബോധ്യപ്പെടുത്തിയതിനൊപ്പം അടിയന്തരമായി ഇടപെടേണ്ട മേഖലകളും പരിഹാരങ്ങളും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാക്കാവസ്ഥയില്‍ പട്ടിജാതി/പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ പിന്നിലാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ സ്ഥിതി എന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.

chandrika: