X

സാബുവിന് മാനസിക പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കണം; നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം മണി

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം മണി. സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. സാബുവിന്റെ മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ വെക്കേണ്ടെന്നും മണി പറഞ്ഞു.

ഈ മാസം 20 നാണ് കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവാണ് ജീവനൊടുതക്കിയത്. റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ആത്മഹത്യ ചെയ്തത്.സിപിഎം ഭരിക്കുന്ന ബാങ്കില്‍, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാബുവിനെ മുന്‍ ബാങ്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മുന്‍ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആര്‍. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്. സാബുവിന് നല്‍കാനുള്ളത് 12 ലക്ഷം മാത്രമെന്നായിരുന്നു സൊസൈറ്റി നല്‍കിയ വിശദീകരണം. സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതല്‍ സംഘത്തില്‍ ഇടപാടുകള്‍ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവില്‍ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചു.

പിന്നീടുള്ള മാസങ്ങളില്‍ പലതവണയായി 90 ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍നിന്ന് 2023 ഒക്ടോബറില്‍ 35 ലക്ഷം രൂപ പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, മൂന്ന് ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിന്‍വലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം.

webdesk13: