X
    Categories: More

സാബിറിന്റെ വെടിക്കെട്ടിന് മുന്നില്‍ ഗെയില്‍ വഴിമാറി: റെക്കോര്‍ഡ്‌

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി ബംഗ്ലാദേശ് ദേശീയ ടീമില്‍ അംഗമായ സാബിര്‍ റഹ്മാന്‍. ബാരിസല്‍ ബുള്‍സുമായുളള മത്സരത്തില്‍ രാജ്ഷാഹി കിങ്‌സിന് വേണ്ടി ബാറ്റേന്തുന്ന സാബിര്‍ 61 പന്തില്‍ 122 റണ്‍സാണ് നേടിയത്. ബംഗ്ലാദേശ് പ്രീമിയിര്‍ ലീഗില്‍ വ്യക്തിഗത ടോപ് സ്‌കോറാണിത്. 112 റണ്‍സ് നേടിയ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന്റെ പേരിലായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 53 പന്തില്‍ നിന്നാണ് സാബിര്‍ സെഞ്ച്വറി കുറിച്ചത്.

ഒമ്പത് വീതം സിക്‌സറുകളുടെയും ഫോറുകളുടെയും ബലത്തിലായിരുന്നു സാബിറിന്റെ ഇന്നിങ്‌സ്. ഒടുവില്‍ അല്‍അമീന്‍ ഹുസൈന്റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് സാബിര്‍ മടങ്ങിയത്. എന്നാല്‍ സാബിറിന്റെ സെഞ്ച്വറി മികവിലും ടീമിനെ വിജയിപ്പിക്കാനായില്ല. ബാരിസല്‍ ബുള്‍സ് ഉയര്‍ത്തിയ 192 റണ്‍സെന്ന വിജയലക്ഷ്യത്തിന് നാല് റണ്‍സ് അകലെവെച്ച് സാബിറിന്റെ ടീം അടിയറവ് പറയുകയായിരുന്നു. നിലവില്‍ ബംഗ്ലാദേശിന്റെ ഏകദിന,ടി20 ടെസ്റ്റ് ടീമുകളില്‍ അംഗമാണ് സാബിര്‍. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലും സാബിര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

chandrika: